കടയിൽ ലോഡിറക്കാൻ ചുമട്ടു തൊഴിലാളികൾ അനുവദിക്കുന്നില്ലെന്ന് പരാതി
|ഈ വര്‍ഷം ആദ്യമാണ് പ്രവാസിയായ കെ.ഇ റഷീദും സുഹൃത്തുക്കളും ചേര്‍ന്ന് തൊണ്ടയാട് നിര്‍മാണ സാമഗ്രികളുടെ കടയാരംഭിച്ചത്.
കോഴിക്കോട്: കടയിൽ ലോഡിറക്കാൻ ചുമട്ടു തൊഴിലാളികൾ അനുവദിക്കുന്നില്ലെന്ന് പരാതി. കോഴിക്കോട് തൊണ്ടയാട് പ്രവാസികൾ നടത്തുന്ന നിർമാണ സമഗ്രികളുടെ കടയിലാണ് ചുമട്ടു തൊഴിലാളികളുടെ വിലക്ക്.
ഇതോടെ, സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് കടയുടമ കെ.ഇ. റഷീദ് പറയുന്നു. സംഭവത്തിൽ ലേബര്‍ ഓഫീസര്‍ക്കും പൊലീസിലും റഷീദ് പരാതി നൽകി. ഇന്ന് രാവിലെയും സിമന്റും കമ്പിയുമായെത്തിയ ലോറികള്‍ ലോഡിറക്കാനാനനുവദിക്കാതെ ചുമട്ടുതൊഴിലാളികൾ തടഞ്ഞു.
ഈ വര്‍ഷം ആദ്യമാണ് പ്രവാസിയായ കെ.ഇ റഷീദും സുഹൃത്തുക്കളും ചേര്‍ന്ന് തൊണ്ടയാട് നിര്‍മാണ സാമഗ്രികളുടെ കടയാരംഭിച്ചത്. കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ചുമട്ടുതൊഴിലാളികള്‍ കടയിലേക്ക് ലോഡിറക്കാനും കയറ്റാനും അനുവദിക്കാതെ തടഞ്ഞു.
ഇതേ തുടര്‍ന്ന് കട ഏറെനാള്‍ പൂട്ടിയിട്ടു. ഇതോടെ ഇവിടെയുണ്ടായിരുന്ന കമ്പി തുരമ്പെടുത്തു. പിന്നീട് തുറന്നപ്പോഴും ചുമട്ടുതൊഴിലാളികള്‍ കടയിലെത്തി ഭീഷണിപ്പെടുത്തിയെന്ന് റഷീദ് പറയുന്നു. ഒരു മാസമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണെന്ന് റഷീദ്.
കെട്ടിട വാടക, സാധനങ്ങള്‍ നശിച്ചതിന്റെ നഷ്ടപരിഹാരം എന്നിവ ചുമട്ടുതൊഴിലാളികള്‍ നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ന് രാവിലെ സിമന്റും കമ്പിയുമായെത്തിയ ലോറിയും ചുമട്ടുതൊഴിലാളികള്‍ തടഞ്ഞു. ഇങ്ങനെ പോയാല്‍ കട എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്നും റഷീദ് പറയുന്നു.