ചെലവ് രണ്ട് ലക്ഷം, കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം; നവകേരള സദസിന് വേണ്ടി കശുവണ്ടി പാഴാക്കി പ്രചാരണം
|30 അടി വിസ്തീർണ്ണമുള്ള രൂപം തയ്യാറാക്കാൻ വിവിധ വലിപ്പത്തിലുള്ള കശുവണ്ടി പരിപ്പ് ശേഖരിച്ചു നിറം നൽകി
കൊല്ലം: നവകേരള സദസിന് വേണ്ടി കൊല്ലത്ത് ലക്ഷങ്ങളുടെ കശുവണ്ടി പാഴാക്കി പ്രചാരണം. കൊല്ലം ബീച്ചിൽ കശുവണ്ടി പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ ചിത്രത്തിന് ചെലവ് രണ്ട് ലക്ഷം രൂപയാണ്. കശുവണ്ടി വ്യവസായത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളാണ് ആശയത്തിന് പിന്നിൽ. കശുവണ്ടി വികസന കോർപ്പറേഷൻ, ക്യാപക്സ്, കേരള ക്യാഷ്യു ബോർഡ്, KCWRWFB, KSCACC എന്നിവ രുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
30 അടി വിസ്തീർണ്ണമുള്ള ചിത്രം തയ്യാറാക്കാൻ വിവിധ വലിപ്പത്തിലുള്ള കശുവണ്ടി പരിപ്പ് ശേഖരിച്ചു നിറം നൽകി. മുകേഷ് എംഎൽഎ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ തുടങ്ങിയവർ ബീച്ചിൽ പരിപാടിക്ക് നേതൃത്വം നൽകി. ഡാവിഞ്ചി സുരേഷാണ് രൂപം നിർമ്മിച്ചത്.
കശുവണ്ടി വ്യവസായം ദിനം പ്രതി തകർച്ചിൽ നിന്ന് തകർച്ചയിലേക്ക് നീങ്ങുകയാണ്. പക്ഷേ, വ്യവസായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കേണ്ടവർ നടത്തുന്ന പാഴ് ചിലവിനു യാതൊരു കുറവും ഇല്ലെന്നാണ് വിമര്‍ശനമുയരുന്നത്. രണ്ട് ലക്ഷത്തോളം രൂപ ചിലവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം കശുവണ്ടി പരിപ്പിൽ തയ്യാറാക്കിയതിന്‍റെ ലക്ഷ്യം നവകേരള സദസ്സിന് എത്തുന്ന മുഖ്യനെ സന്തോഷിപ്പിക്കുക എന്നതായിരുന്നു.