Kerala
Goa death,  Missing Malayali youth in Goa,Kottayam youth missing,latest malayalam news,ഗോവയില്‍ മലയാളിയുടെ മരണം,കോട്ടയം സ്വദേശിയുടെ മരണം
Kerala

ഗോവയിൽ യുവാവിന്‍റെ മരണം: മർദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്നെന്ന് കുടുംബം

Web Desk
|
5 Jan 2024 7:04 AM GMT

വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദനമേറ്റിരുന്നതായി സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടയം: പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നെഞ്ചിലും പുറത്തും മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദനമേറ്റിരുന്നതായി സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ മരണകാരണം എന്താണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു . ഫലം പരിശോധിച്ച് ശേഷമേ മരണ കാരണം പൊലീസിന് സ്ഥിരീകരിക്കാനാവൂ.

റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) എന്നയാളുടെ മൃതദേഹമാണ് ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്തു നിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയത്.

ഗോവ അഞ്ജുന ബീച്ച് പോലീസാണ് കേസ് അന്വേഷിക്കുന്നത്. മുങ്ങിമരണമാണെങ്കിൽ മജ്ജയുടെ സാമ്പിളും മൃതദേഹം കിടന്ന വെള്ളവും പരിശോധിക്കുന്ന ഡയാറ്റം ടെസ്റ്റിൽ വ്യക്തമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗോവ ബാബേലി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം നടത്തിയത്.

ഡിജെ പാർട്ടിക്കിടെ മർദനമേറ്റതായി സഞ്ജയുടെ കുടുംബം പറയുന്നു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളിയെന്നും സഞ്ജയുടെ പിതാവ് സന്തോഷ് പറഞ്ഞു.പണവും ഫോണും കവർന്നെന്നും കുറ്റക്കാരെ കണ്ടു പിടിച്ച് നടപടിയെടുക്കണമെന്നും അതിനായി നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു.

ഡിസംബർ 30ന് ഗോവയിൽ എത്തിയ സഞ്ജയിനെ പുതുവൽസര ആഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗമാണ് സഞ്ജയ് ഗോവക്ക് പോയത്. സഞ്ജയുടെ മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു സഞ്ജയ്.


Similar Posts