Kerala
പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരണം; വടകര സ്വദേശിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് കൈമാറും
Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരണം; വടകര സ്വദേശിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് കൈമാറും

Web Desk
|
23 July 2022 12:53 AM GMT

സജീവന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു

കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച കല്ലേരി സ്വദേശി സജീവ(42)ന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. സജീവന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത സജീവൻ ഇന്നലെയാണ് മരിച്ചത്. വടകര കല്ലേരിയിലെ വീട്ടുവളപ്പിൽ നടന്ന സജീവന്റെ സംസ്‌കാര ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി പങ്കെടുക്കാനെത്തി.

അസ്വഭാവിക മരണത്തിന് വടകര പൊലിസ് കേസെടുത്തിട്ടുണ്ട്. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ആന്തരികാവയവങ്ങൾ രാസപരിശോധനക്കയച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതായും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതായും ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം വിവിധ സംഘടനകൾ പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്നാണ് എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ഡിഐജി രാഹുൽ ആർ നായർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിട്ടയച്ചതിന് ശേഷം സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പൊലീസ് സജീവനെ മർദ്ദിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിച്ചു.

ഇന്നലെ രാത്രി വടകരയ്ക്ക് സുഹൃത്തുക്കളോടൊപ്പമായിരുന്നു സജീവൻ വടകരയ്ക്കെത്തിയത്. ഇവരുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് തർക്കമുണ്ടായി. തുടർന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സജീവനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ എസ്.ഐയും കോൺസ്റ്റബിളും സജീവനെ മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

തുടർന്ന് നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടുപോകാനോ ആംബുലൻസ് വിളിക്കാനോ പൊലീസ് തയ്യാറായില്ല. സുഖമില്ലാതെ കിടക്കുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നത്. രാത്രി 12 മണിയോടെയാണ് സജീവൻ മരിച്ചത്.



Similar Posts