Kerala
അഞ്ച് സംസ്ഥാനങ്ങൾ വിറ്റു തുലച്ചില്ലേ, ആശംസകൾ...; കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ
Kerala

'അഞ്ച് സംസ്ഥാനങ്ങൾ വിറ്റു തുലച്ചില്ലേ, ആശംസകൾ...'; കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ

Web Desk
|
12 March 2022 12:12 PM GMT

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിൻറെ പശ്ചാത്തലത്തിലാണ് രാജ്യസഭാ എം.പി കൂടിയായ വേണുഗോപാലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പോസ്റ്ററുകൾ ഉയർന്നത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ട്രയല്‍ എന്ന് അറിയപ്പെട്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വേണുഗോപാലിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് രാജ്യസഭാ എം.പി കൂടിയായ വേണുഗോപാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നത്.

അഞ്ച് സംസ്ഥാനങ്ങൾ വിറ്റുതുലച്ച കെ.സി വേണുഗോപാലിന് ആശംസകൾ എന്നായിരുന്നു പോസ്റ്ററിലൊന്നിലെ വാചകങ്ങള്‍. വേണുഗോപാലിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള ആവശ്യമാണ് പോസ്റ്ററിലെ ഉള്ളടക്കത്തിലുള്ളത്. ഇന്ന് രാവിലെയാണ് ശ്രീകണ്ഠാപുരം എരുവേശി മേഖലകളിൽ കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പോസ്റ്റർ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. സേവ് കോൺഗ്രസ്സ് എന്ന പേരിലാണ് കെ.സി വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സമാനതകളില്ലാത്ത തോല്‍വിയാണ് കോണ്‍ഗ്രസ് വഴങ്ങിയത്. മണിപ്പൂരിലും പഞ്ചാബിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് അവിടങ്ങളില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ നില മെച്ചപ്പെടുത്താന്‍ പോലുമായില്ല. അഞ്ച് സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞതിന് പിന്നാലെ പാർട്ടിയിൽ തിരുത്തൽ വേണമെന്ന ആവശ്യമുയർത്തി കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.

Similar Posts