വീണാ ജോർജിനെതിരെ പോസ്റ്റർ; യുവജനം ' എന്ന പേരിൽ സംഘടനയില്ലെന്ന് ഓർത്തഡോക്‌സ് സഭ
|സഭാംഗം എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും വീണാ ജോർജ് സഭയ്ക്ക് വേണ്ട സഹായം നൽകുന്നുണ്ടെന്നും സഭ വക്താവ് പറഞ്ഞു
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ പോസ്റ്ററുകളിൽ ഓർത്തഡോക്‌സ് സഭയ്ക്ക് ബന്ധമില്ലെന്ന് സഭ വക്താവ്. ഓർത്തഡോക്‌സ് 'യുവജനം ' എന്ന പേരിൽ സഭയ്ക്ക് ഒരു സംഘടന നിലവിലില്ല. 'ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം' എന്ന സംഘടനയ്ക്ക് ഈ പോസ്റ്ററുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വീണ ജോർജ് സഭാംഗം എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും സഭയ്ക്ക് വേണ്ട സഹായം നൽകുന്നുണ്ടെന്നും സഭ വക്താവ് പറഞ്ഞു.
അതേസമയം, പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആസൂത്രിതമായി വ്യാജ വാർത്ത സൃഷ്ടിക്കുകയാണെന്നും, യുവജനം എന്ന സംഘടന സഭക്കില്ലെന്നും വീണാ ജോർജ് പറഞ്ഞു. ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ടയിലായിരുന്നു പോസ്റ്റർ പ്രതിഷേധം.
സർക്കാർ ചർച്ച് ബിൽ പാസാക്കാനൊരുങ്ങുമ്പോൾ സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണമെന്നാണ് പോസ്റ്റർ.പത്തനംതിട്ട മാക്കാൻകുന്നിലും ചന്ദപ്പള്ളിയിലുമുള്ള ഓർത്തഡോക്‌സ് ദേവാലയങ്ങളുടെ പരിസരത്താണ് മന്ത്രിക്കെതിരായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഓർത്തഡോക്‌സ് - യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാന് സർക്കാർ ചർച്ച് ബില്ല് പാസാക്കാനൊരുങ്ങുന്നതിനിടെയാണ് പോസ്റ്ററിലൂടെയുള്ള പ്രതിഷേധം.