മലയാളമറിയാത്ത പോസ്റ്റ് മാസ്റ്റര്‍, ജീവനക്കാര്‍ക്കും ഹിന്ദിയറിയില്ല; പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നതായി പരാതി
|തോട്ടം തൊഴിലാളികളടക്കമുള്ള സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് അയ്യപ്പൻ കോവിൽ
ഇടുക്കി: ഇതര സംസ്ഥാനക്കാരനായ ഉദ്യോഗസ്ഥനെ നിയമിച്ചതിലൂടെ ഇടുക്കി അയ്യപ്പൻ കോവിൽ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നുവെന്ന് പരാതി. പോസ്റ്റ് മാസ്റ്ററായി എത്തിയ ഉദ്യോഗസ്ഥന് ഹിന്ദി മാത്രമാണ് അറിയാവുന്നത്. ഇതോടെയാണ് സേവനങ്ങൾ അവതാളത്തിലായത്. പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തോട്ടം തൊഴിലാളികളടക്കമുള്ള സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് അയ്യപ്പൻ കോവിൽ. ഇവിടെയാണ് മലയാളമറിയാത്ത പോസ്റ്റ് മാസ്റ്ററെ നിയമിച്ചിരിക്കുന്നത്. ഉപ്പുതറ പോസ്റ്റ്മാസ്റ്റർ അയ്യപ്പൻ കോവിലിന് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കാതെയാണ് ഇതര സംസ്ഥാനക്കാരനെ നിയമിച്ചതെന്നും നാട്ടുകാർ പറയുന്നു. പോസ്റ്റാഫീസിലെത്തുന്നവർക്ക് പരസ്പരം ആശയവിനിമയം നടത്താനാകാത്ത സാഹചര്യവും നിലവിലുണ്ട്.
ഓഫീസിലെ താൽക്കാലിക ജീവനക്കാർക്ക് ഹിന്ദി വശമില്ലാത്തതും പ്രതിസന്ധിയാണ്. പെൻഷൻ അടക്കം പോസ്റ്റാഫീസ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടങ്ങുന്നതായും പരാതിയുണ്ട്. ഒരു ജീവനക്കാരൻ മാത്രമുള്ള ഓഫീസുകളിൽ ഇതരഭാഷക്കാരെ നിയമിക്കാൻ പാടില്ലന്നിരിക്കെയാണ് അയ്യപ്പൻ കോവിലിൽ ഹിന്ദി മാത്രം അറിയുന്ന ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.