കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടം വൈകുന്നു
|50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് അബ്രഹാമിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടം വൈകുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് 10 ലക്ഷം രൂപയാണ് സർക്കാർ നിലവിൽ നഷ്ടപരിഹാരം നൽകുന്നത്. ബന്ധുക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇൻക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
അബ്രഹാമിന്റെ ബന്ധുക്കളുമായി ജില്ലാ കലക്ടർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അബ്രഹാമിന്റെ സഹോദരൻ, മകൻ, സംയുക്ത സമരസമിതി അംഗങ്ങൾ, എം.കെ രാഘവൻ എം.പി, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. ബന്ധുക്കൾ വഴങ്ങാത്ത സാഹചര്യത്തിൽ 12 മണിക്ക് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
സർക്കാരിനും വനംവകുപ്പിനുമെതിരെ വലിയ പ്രതിഷേധമാണ് കൂരച്ചുണ്ടിൽ ഉയരുന്നത്. പ്രദേശത്ത് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. നേരത്തെയും പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അന്ന് വനംവകുപ്പ് വേണ്ട രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ എബ്രഹാം കൊല്ലപ്പെടില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.