'ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റു, ഇരു കിഡ്‌നികളുടെയും പ്രവർത്തനം നിലച്ചു'; അട്ടപ്പാടിയിൽ മർദനമേറ്റ് മരിച്ച വിനായകന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
|രണ്ട് കാലിലും കയ്യിലും ഏറ്റത് ക്രൂര മർദനമാണെന്നും മസിലുകൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിനായകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രണ്ട് കാലിലും കയ്യിലും ഏറ്റത് ക്രൂരമായ മർദനമാണെന്നും മസിലുകൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയങ്ങൾക്ക് ഗുരുതരമായി ക്ഷതമേറ്റു. നീരുവച്ച് പഴുപ്പും ബാധിച്ചു. രണ്ട് കിഡ്‌നികളുടെയും പ്രവർത്തനം നിലച്ചു. ശരീരം മുഴുവൻ ഗുരുതരമായ ചതവുകൾ സംഭവിക്കുകയും വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാവുകയും ചെയ്തതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 30നാണ് കണ്ണൂർ സ്വദേശി വിനായകനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർച്ചയായി 3 ദിവസം വിനായകന് മർദനമേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തൃശ്ശൂരിൽ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് വിനായകൻ മരിച്ചത്. അട്ടപ്പാടി നരസിമുക്കിലെ സ്വകാര്യ ഫാമിൽ വെച്ചാണ് വിനായകനെയും സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി നന്ദ കിഷോറിനെയും പത്തംഗ സംഘം മർദ്ദിച്ചത്. നന്ദകിഷോർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ, വിപിൻ പ്രസാദ് എന്നയാളിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഇടനിലയായി നിന്നത് നന്ദകിഷോറാണ്. ഒരു മാസമായിട്ടും തോക്ക് കിട്ടാതെ വന്നതോടെ ഇരുവരെയും നരസിമുക്കിലെ സ്വകാര്യ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. കേസിൽ പ്രതികളായ പത്ത് പേരും റിമാന്റിലാണ്