ഹോട്ടലുടമയുടെ മരണകാരണം നെഞ്ചിനേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ശരീരം മുറിച്ചത് ഇലക്ട്രിക് കട്ടറുപയോഗിച്ച്
|കാലുകളും ഉടലും വെവ്വേറെയായിട്ടാണ് മുറിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോഴിക്കോട്: കോഴിക്കോട് കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് അടിയേറ്റ പാടുകൾ ഉണ്ട്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചുമാറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
നെഞ്ചിനേറ്റ ചവിട്ടിന്റെ ആഘാതത്തിൽ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. മരിച്ചതിനു ശേഷമാണ് ശരീരം വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്ന് കഷണങ്ങളാക്കിയാണ് മുറിച്ചത്. കാലുകളും ഉടലും വെവ്വേറെയായിട്ടാണ് മുറിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആറ് മണിക്കൂറിലധികമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നീണ്ടുനിന്നത്. ഫോറൻസിക് സർജൻ സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. തിരൂർ സ്വദേശിയായ സിദ്ദീഖ് (58) ആണ് കൊല്ലപ്പെട്ടത്.
അതേസമയം, സിദ്ദീഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ 22കാരനായ പാലക്കാട് സ്വദേശി ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് അർധ രാത്രിയോടെ കേരളത്തിലെത്തിക്കും. നേരത്തേ സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി.
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് മൃതദേഹാവശിഷ്ടങ്ങൾ തന്നെയെന്ന് മകൻ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തായത്. കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടൽ നടത്തുകയായിരുന്നു സിദ്ദീഖ്.
നഗരത്തിൽ താമസിച്ച് കച്ചവടം നടത്തുന്നയാളാണ് ഇയാൾ. സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ മിസിങ് കേസ് നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി.
പിന്നീട് ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനെ കാണാതായതും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കേസിൽ ഫർഹാനയുടെ സുഹൃത്ത് ആഷിഖും പിടിയിലായിരുന്നു.