വടകരയിലെ കസ്റ്റഡി മരണം; സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
|സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്
വടകര: കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. പൊലീസ് സ്റ്റേഷനിലെ സംഭവങ്ങൾ ഹൃദയാഘാതത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കും. സ്റ്റേഷനിലെ സിസ്റ്റത്തിന്റെ ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.
ജൂലൈ 21ന് രാത്രി പതിനൊന്നരയോടെയാണ് സജീവനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് എത്തിയത്. എന്നാല്‍ പിന്നീട് പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് സജീവന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നെന്നാണ് ആരോപണം.
സംഭവുമായി ബന്ധപ്പെട്ട് വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് 66 പൊലീസുകാരെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിക്കുകയായിരുന്നു. മാനുഷിക പരിഗണന കാണിക്കാത്ത പൊലീസ് നടപടിയെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്കി. ഇതോടെയാണ് 66 പൊലീസുകാരെയും സ്ഥലം മാറ്റാന്‍ തീരുമാനമായത്.
സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ പ്രജീഷിനെ കൂടി ഇന്ന് സസ്പെന്‍ഡ് ചെയ്തു. എസ്. ഐ എം. നിജേഷ്, എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വടകര പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുത വീഴ്ചയാണെന്ന് ഉത്തര മേഖല ഐജി ടി. വിക്രം സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനിടെ സജീവന്റെ കുടുംബത്തന് ധനസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ എം.എല്‍.എ രംഗത്തെത്തി. കുടുബംത്തിന് വീട് വച്ചു നല്‍കണമെന്നും രമ ആവശ്യപ്പെട്ടു.