പോത്തൻകോട് കൊലപാതകം; മൂന്ന് ദിവസമായിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ്
|റേഞ്ച് ഡി.ഐ.ജിയും എസ്.പി.യും നേരിട്ടിറങ്ങിയിട്ടും ഒന്നാം പ്രതി ഉണ്ണിയുടെയും രണ്ടാം പ്രതി ഒട്ടകം രാജേഷിന്റെയും ഒരു വിവരവും കിട്ടിയിട്ടില്ല
തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി മൂന്ന് ദിവസമായിട്ടും പ്രധാന പ്രതികളെ പിടിക്കാനാകാതെ പൊലീസ്. റേഞ്ച് ഡി.ഐ.ജിയും എസ്.പി.യും നേരിട്ടിറങ്ങിയിട്ടും ഒന്നാം പ്രതി ഉണ്ണിയുടെയും രണ്ടാം പ്രതി ഒട്ടകം രാജേഷിന്റെയും ഒരു വിവരവും കിട്ടിയിട്ടില്ല. പിടിയിലായ മൂന്ന് പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തും.
ശനിയാഴ്ച ഉച്ചക്കാണ് ചെമ്പകമംഗലം സ്വദേശി സുധീഷ് ഒളിവില്‍ കഴിയവെ കല്ലൂരിലെ വീട്ടില്‍ വച്ച് കൊല്ലപ്പെടുന്നത്. ഒന്നാം പ്രതി ഉണ്ണിയുടെ അമ്മക്ക് നേരെ ബാംബ് എറിഞ്ഞതുള്‍പ്പെടെ ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രതികാരമായിരുന്നു കൊലപാതകത്തിലെത്തിച്ചത്. സുധീഷിനെ മൃഗീയമായി കൊന്നതിനുപുറമെ കാല് വെട്ടിയെടുത്തു റോഡിലെറിഞ്ഞ് ആര്‍പ്പുവിളിക്കുകയും ചെയ്തു. ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുദിന് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും റൂറലിലെ മുഴുവന്‍ എസ്.എച്ച്.ഒമാരെ ഏകോപിപ്പിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഏഴു പ്രതികള്‍ പിടിയിലായെങ്കിലും മുഖ്യ പ്രതികളെല്ലാം പൊലീസ് വലക്കു പുറത്താണ്.
ഒന്നും രണ്ടും മൂന്നും പ്രതികളായ ഉണ്ണി, ഒട്ടകം രാജേഷ്, മുട്ടായി ശ്യാം എന്നിവര്‍ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. ഷാഡോ സംഘവും സ്പെഷ്യല്‍ ബ്രാഞ്ചും പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പരിശോധന നടത്തി. സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിലവില്‍ പിടിയിലായവരില്‍ നിന്ന് ഇവരെ പറ്റി സൂചനയൊന്നും ലഭിച്ചിട്ടില്ല.