പോത്തൻകോട് കൊലപാതകം: ആയുധങ്ങള്‍ കണ്ടെടുത്തു, അഞ്ചു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
|കേസിലെ മുഖ്യപ്രതികളായ ഉണ്ണി, രാജേഷ്, ശ്യാം എന്നിവരെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല
തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കേസില്‍ ഇന്ന് അഞ്ചു പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മൊത്തം എട്ട് പ്രതികള്‍ പിടിയിലായി. മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇന്നലെ പിടിയിലായ സച്ചിന്, അരുണ്‍, സൂരജ്, ജിഷ്ണു, ശ്രീനാഥ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എട്ട് പേര് പിടിയിലായി. സുധീഷിനെ വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ വെഞ്ഞാറമൂട് നിന്ന് കണ്ടെടുത്തു. ഒന്നും രണ്ടും മൂന്നും പ്രതികളായ ഉണ്ണി, ഒട്ടകം രാജേഷ്, മുട്ടായി ശ്യാം എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണ്. ഇവര്‍ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്.
കേസില്‍ ഗൂഢാലോചന നടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. സുധീഷിന്റെ തന്നെ സുഹൃത്തായിരുന്ന ഷിബിനാണ് ഒളിസങ്കേതം ഗുണ്ടാ സംഘത്തിന് കാണിച്ചു കൊടുത്തതെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഷിബിനെ കസ്റ്റഡിയിലെടുത്തത് പൊലീസ് സ്ഥിരീകരിക്കുന്നില്ല. ശനിയാഴ്ച ഉച്ചക്കാണ് ചെമ്പകമംഗലം സ്വദേശി സുധീഷ് ഒളിവില്‍ കഴിയവെ കല്ലൂരിലെ വീട്ടില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഒന്നാം പ്രതി ഉണ്ണിയുടെ അമ്മക്ക് നേരെ ബോംബ് എറിഞ്ഞതുള്‍പ്പെടെ ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രതികാരമായിരുന്നു കൊലപാതകത്തിലെത്തിച്ചത്. സുധീഷിനെ മൃഗീയമായി കൊന്നതിനുപുറമെ കാല് വെട്ടിയെടുത്തു റോഡിലെറിഞ്ഞ് ആര്‍പ്പുവിളിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണ്.