ആലുവ-പെരുമ്പാവൂർ റോഡിലെ കുഴി: പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
|കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം
കൊച്ചി: ആലുവ പെരുമ്പാവൂർ റോഡിലെ കുഴി അടയ്ക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഴിയില്‍ വീണ് പരിക്കേറ്റ് ഒരാള്‍ മരിച്ചിട്ടും നടപടി എടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ജനകീയസമിതി റോഡ് ഉപരോധിക്കും.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അപകടത്തിന് കാരണമായ പതിയാട്ട് കവലയിലെ കുഴിക്ക് സമീപം നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 20ന് നടന്ന അപകടത്തെ തുടർന്നാണ് മാറമ്പള്ളി സ്വദേശി കുഞ്ഞഹമ്മദിന് കുഴിയിൽ വീണ് പരിക്കേറ്റത്. മൂന്നാഴ്ചയോളം അബോധാവസ്ഥയിൽ തുടർന്ന ഇദ്ദേഹം ഇന്നലെ വൈകിട്ടോടെ മരിച്ചു.
കുഞ്ഞഹമ്മദ് അപകടത്തിൽപ്പെട്ടതിന് ശേഷം എട്ടോളം പേർക്ക് ഇതേ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. എന്നിട്ടും അധികാരികൾ കുഴിയടക്കാൻ തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും അൻവർ സാദത്ത് എംഎൽഎയുടെയും കോലം പ്രതിഷേധക്കാർ കത്തിച്ചു.