പവർകട്ട് വേണമോ വേണ്ടയോ എന്ന് ഇന്നറിയാം; വൈദ്യുതി പ്രതിസന്ധിയില് മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
|പ്രതിസന്ധി മുൻകൂട്ടി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ കെ.എസ്.ഇ. ബിയെ സർക്കാർ വിമർശിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതിയിലെ അനിശ്ചിതത്വവും ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരും. കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താൻ പവർകട്ട് വേണോ വേണ്ടയോ എന്നതാണ് പ്രധാന വിഷയം. ഓണവും പുതുപള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഉടൻ വൈദ്യുതി നിയന്ത്രണം വേണ്ട എന്നാണ് സർക്കാർ നിലപാട്.
പ്രതിസന്ധി മുൻകൂട്ടി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ കെ.എസ്.ഇ.ബിയെ സർക്കാർ വിമർശിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമോ എന്ന് പരിശോധിക്കാതെ കൂടിയ വിലയ്ക്ക് പവർ എക്സ്ചേഞ്ചിൽ നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങിയതിൽ വൈദ്യുതി വകുപ്പിന് അതൃപ്തിയുണ്ട്.
സി.പി.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തള്ളിയ സ്മാർട്ട് മീറ്റർ പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്. കേന്ദ്രസർക്കാർ നിഷ്കർഷിച്ച രീതിയിൽ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ ഗ്രാൻഡ് നഷ്ടപ്പെടുമെന്ന് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിഷയത്തിൽ എന്തെങ്കിലും ബദൽ മാർഗം സ്വീകരിക്കാൻ കഴിയുമോ എന്നതാണ് ഇന്നത്തെ യോഗം പരിഗണിക്കുന്നത്. വൈകുന്നേരം മൂന്നരക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് ചർച്ച.