വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ലോഡ്ഷെഡിങും പവർകട്ടും പ്രഖ്യാപിച്ചേക്കും
|മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും
കല്‍ക്കരിക്ഷാമത്തെ തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി കാരണം കേരളത്തില്‍ കടുത്ത നടപടിക്ക് സാധ്യത. ലോഡ്ഷെഡിങ്ങും പവർകട്ടും പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും. വൈദ്യുതി ലഭ്യതക്കുറവ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണം വേണ്ടിവരുമെന്ന് വിലയിരുത്തലുണ്ടായത്.
വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കല്‍ക്കരിക്ഷാമത്തെ തുടര്‍ന്ന് പുറത്തു നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് കേരളം നേരിടുന്നത്. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് യൂണിറ്റിന് 18 രൂപ മുടക്കി വൈദ്യുതി വാങ്ങിയാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നത്.
പവര്‍കട്ട് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍
കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല സംസ്ഥാനങ്ങളിലും താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. പഞ്ചാബ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചു. കേരളത്തിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു.
രാജ്യത്തെ ആകെ വൈദ്യുതി ഉൽപാദനത്തിന്‍റെ 70 ശതമാനവും കൽക്കരിയെയാണ് ആശ്രയിക്കുന്നത്. ആകെയുള്ള 135 താപവൈദ്യുതി നിലയങ്ങളിൽ 110 എണ്ണത്തിലും കൽക്കരി ക്ഷാമം രൂക്ഷമാണ്. കൽക്കരിയുടെ സ്റ്റോക്ക് തീർന്നതോടെ ഉത്തർപ്രദേശിലെ എട്ടും പഞ്ചാബിലെ രണ്ടും താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പൂർണമായി നിലച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ കേരളം തമിഴ്നാട് സംസ്ഥാനങ്ങളെയും കൽക്കരി ക്ഷാമം ബാധിക്കുന്നുണ്ട്. കേരളം ജലവൈദ്യുതിയെ ആണ് ആശ്രയിക്കുന്നതെങ്കിലും കേന്ദ്ര വിഹിതത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതി കുറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെ പറഞ്ഞത്.