'വ്യക്തികൾക്കല്ല, സർക്കാരുകൾക്കാണു പ്രാധാന്യം'; ജി. സുധാകരനെതിരെ ചിത്തരഞ്ജൻ
|മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതികൾ ഉദ്ഘാടന സമയത്ത് ഓർക്കാതിരിക്കുന്നത് ശരിയായ രീതിയല്ലെന്ന് ജി. സുധാകരൻ വിമർശിച്ചിരുന്നു
ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ സർക്കാർ വിമർശനത്തിനു മറുപടിയുമായി പി.പി ചിത്തരഞ്ജൻ എം.എൽ.എ. വ്യക്തികൾക്കല്ല, സർക്കാരുകൾക്കാണു പ്രാധാന്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ വിമർശനത്തിന് അടിസ്ഥാനമില്ലെന്നും ചിത്തരഞ്ജൻ കുറ്റപ്പെടുത്തി.
ജി. സുധാകരന് അർഹിക്കുന്ന അംഗീകാരം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. അദ്ദേഹത്തിന്റെ വിമർശനത്തിന് അടിസ്ഥാനമില്ല. മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതികൾ പലപ്പോഴും പിന്നീട് വരുന്ന സർക്കാരുകൾ ഉദ്ഘാടനം ചെയ്യാറാണ് പതിവെന്നും ചിത്തരഞ്ജൻ എം.എൽ.എ ചൂണ്ടിക്കാട്ടി.
മുൻകാല സർക്കാരുകളുടെ പ്രവർത്തനം മറന്നുകൊണ്ടാണ് ഇപ്പോഴത്തെ വികസന ചർച്ചകളെന്നായിരുന്നു സുധാകരന്റെ വിമർശനം. ''മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതികൾ ഓർക്കാതിരിക്കുന്നത് ശരിയായ രീതിയല്ല. ഇപ്പോൾ പദ്ധതികൾ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ തുടരെ വരുന്ന വാർത്തകളിൽ മുൻ സർക്കാരാണ് ഇതെല്ലാം നൽകിയതെന്ന ചെറുസൂചന പോലുമില്ല. അതു വികസന ചരിത്രത്തെ കാണാതിരിക്കലാണ്. അടിസ്ഥാന വികസനത്തിനാണ് ഒന്നാം പരിഗണന നൽകേണ്ടത്. അതു മനസിലാക്കി വേണം പ്രചാരണം നടത്താൻ''-സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
ആലപ്പുഴയിൽ ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം എന്നിവയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു സുധാകരന്റെ പരസ്യവിമർശനം. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പരിപാടിയിലേക്ക് ജി. സുധാകരന് ക്ഷണമില്ല.
Summary: PP Chitharanjan MLA rejects former minister G. Sudhakaran's criticism of the government