കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച കേസിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ സ്റ്റാഫ് രണ്ടാം പ്രതി
|കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബിന്റെ വീടാക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ അദ്ദേത്തിന്റെ ഭാര്യയെ അടക്കം മർദിച്ചിരുന്നു.
ആലപ്പുഴ: കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബിന്റെ വീട് ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ സ്റ്റാഫായ പ്രജിലാലും. കേസിൽ രണ്ടാം പ്രതിയാണ് പ്രജിലാൽ. കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഒന്നാം പ്രതി റജീബ് അലിയെ മാത്രമാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
പ്രജിലാലിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. വീട് ആക്രമണത്തിനിടെ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 15നാണ് നവകേരള സദസ്സ് പ്രതിഷേധത്തിനിടെ എം.ജെ ജോബിന്റെ വീട് ആക്രമിക്കപ്പെട്ടത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചിരുന്നു. തുടർന്ന് കരിങ്കൊടി പ്രതിഷേധത്തിന് പിന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ് ആണ് എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിൽ കയറി ഭാര്യയെ അടക്കം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. ഫർണിച്ചറുകളും ജനൽ ചില്ലുകളും തകർത്തിരുന്നു. ജനൽച്ചില്ല് തകർക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൈക്ക് പരിക്കേറ്റത്.