Kerala
PP Divya
Kerala

എഡിഎമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്ക് ജാമ്യം

Web Desk
|
8 Nov 2024 5:36 AM GMT

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ പി.പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനൊടുവിൽ ദിവ്യ ഇന്ന് പുറത്തിറങ്ങും. ദിവ്യയെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറ്റിയതായി സിപിഎം അറിയിച്ചു.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ദിവ്യക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. വിധിപകർപ്പ് ലഭിച്ചാൽ ഉടൻ 11 ദിവസത്തെ ജയിൽവാസത്തിനു ശേഷം ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പുറത്തിറങ്ങും. വിധിയിൽ സന്തോഷമെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ പ്രതികരിച്ചു.

വിധി അപ്രതീക്ഷിതമെന്നും അഭിഭാഷകരമായി കൂടിയാലോചിച്ചു തുടർ തീരുമാനമെടുക്കുമെന്നും നവീൻ ബാബുവിന്‍റെ ഭാര്യ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ മാസം 29നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും വനിതാ ജയിലിലെത്തി ദിവ്യയെ കണ്ടു.



Related Tags :
Similar Posts