'നമ്മളെക്കുറിച്ച് നമ്മൾ ഉറക്കെ പറയുന്ന സത്യങ്ങളെക്കാൾ മറ്റുള്ളവർ പതുക്കെ പറയുന്ന കള്ളങ്ങളാണ് വിശ്വസിക്കുക'; വാട്സ്ആപ് പ്രൊഫൈൽ ഫോട്ടോ മാറ്റി പി.പി ദിവ്യ
|കഴിഞ്ഞ ദിവസമാണ് ദിവ്യ ജയില്‍മോചിതയായത്
കണ്ണൂര്‍: ജയിൽ മോചിതയായതിന് പിന്നാലെ വാട്സ്ആപ് പ്രൊഫൈൽ ഫോട്ടോ മാറ്റി പി.പി ദിവ്യ . 'ഒരായിരം തവണ ഉറക്കെ വിളിച്ചു പറഞ്ഞാലും നമ്മളെ കുറിച്ച് നമ്മൾ പറയുന്ന സത്യത്തെക്കാൾ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവർ പതുക്കെ പറയുന്ന കള്ളങ്ങളായിരിക്കും' എന്ന ഡോ എ. പി.ജെ അബ്ദുല്‍ കലാമിന്‍റെ വാക്കുകള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ ഫോട്ടോയാണ് പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരിക്കുന്നത്.
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് ദിവ്യ ജയില്‍മോചിതയായത്. ഇന്നലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിലായിരുന്നു ദിവ്യ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടുപോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്‍റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.