എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
|തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്
കണ്ണൂര്‍: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. ജാമ്യം തേടിയുള്ള ദിവ്യയുടെ ഹരജി തലശേരി പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി കെ.ടി നിസാർ അഹമ്മദ് തള്ളി. പൊലീസ് അറസ്റ്റിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് നവീൻ ബാബുവിന്‍റെ കുടുംബം. ഹൈക്കോടതിയെ സമീപിക്കാൻ ദിവ്യ നീക്കം നടത്തുന്നുണ്ട്.
ഡിസ്മിസ്ഡ് എന്ന ഒറ്റവാക്കിലൂടെയായിരുന്നു വിധി പ്രസ്താവം. അറസ്റ്റിൽ നിന്നും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി ഒളിച്ചുകഴിയുന്ന ദിവ്യക്ക് കനത്ത തിരിച്ചടിയാണ് വിധി. പൊതുപ്രവർത്തക എന്ന നിലയിൽ സദുദ്ദേശ്യത്തോടെ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന ദിവ്യയുടെ വാദം കോടതി കണക്കിലെടുത്തില്ല. നവീൻ ബാബുവിനെതിരായ പരസ്യ പരാമർശം ദിവ്യയുടെ ഗൂഢാലോചനയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. പൊലീസ് അറസ്റ്റിലേക്ക് കടക്കുമോ അതോ ദിവ്യ കീഴടങ്ങുമോ എന്ന് വ്യക്തമല്ല. വിധിയുടെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം ആശയവിനിമയം നടത്തിയിട്ടുണ്ട്.
നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്.