കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് നിയമനം; മന്ത്രി കെ രാജന്‍
|എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സൈനികക്ഷേമ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ജില്ലാ കലക്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ ശ്രീലക്ഷ്മിക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു.
പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റവന്യൂ മന്ത്രി കെ രാജന്‍ തൊട്ടടുത്ത ദിവസം തന്നെ പ്രദീപിന്റെ പുത്തൂരിലെ വീട്ടില്‍ നേരിട്ടെത്തി ശ്രീലക്ഷ്മിക്ക് കൈമാറിയിരുന്നു. പ്രദീപിന്റെ ഭാര്യയുടെ വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ജില്ലയില്‍ റവന്യൂ വകുപ്പില്‍ തന്നെ നല്‍കുമെന്നും ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് തൃശൂര്‍ താലൂക്ക് ഓഫീസില്‍ ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.
പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയതിനു പുറമെ, കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും അച്ഛന്റെ ചികില്‍സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.