കത്തോലിക്ക സഭ ബി.ജെ.പിയെ തിരിച്ചറിയണമെന്ന് പ്രകാശ് കാരാട്ട്
|ക്രൈസ്തവ പുരോഹിതരെ തന്ത്രപരമായി വശത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്
കത്തോലിക്ക സഭ ബി.ജെ.പിയെ തിരിച്ചറിയണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ക്രൈസ്തവ പുരോഹിതരെ തന്ത്രപരമായി വശത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ലഹരി കടത്ത് ഒരു മത വിഭാഗത്തിന്‍റെ മേൽ ചാർത്തുന്നത് തെറ്റാണ്. ഹിന്ദുത്വ ശക്തികൾ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രചരണം നടത്തുന്നുവെന്നും 'കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് അരുത്' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കാരാട്ട് കുറ്റപ്പെടുത്തി.
ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ട് മുസ്ലിങ്ങൾക്കെതിരെ തങ്ങളുടെ നിലപാട് കർശനമാക്കുമ്പോൾ തന്ത്രപരമായി ക്രിസ്ത്യൻ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി മോദി തന്നെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കളെ കണ്ടിരുന്നു. കേരളത്തിലെ ക്രൈസ്തവർക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും യഥാർഥ സ്വഭാവം മനസ്സിലാക്കണം. ഹിന്ദുത്വ ശക്തികൾ മതന്യൂനപക്ഷങ്ങൾക്കെതിരെ അത് മുസ്ലിങ്ങളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ, ക്രൈസ്തവർക്കെതിരെ 1774 വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്തുടനീളം നടന്നിട്ടുണ്ട്. 2016നു ശേഷം ക്രൈസ്തവർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ 59.6 ശതമാനം വർധിച്ചു. നിരന്തരം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ബിജെപിയും -ആർഎസ്എസും ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
1921ലെ മലബാർ കലാപത്തെ വികലമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആർഎസ്‌എസ് സെപ്‌തംബർ 25ന് 'മലബാർ ഹിന്ദു വംശഹത്യ ദിനം' ആചരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിനും മുസ്ലിം കർഷകരെ അടിച്ചമർത്തുന്ന ജന്മിമാർക്കുമെതിരെയായിരുന്നു മലബാർ കലാപം. ബ്രിട്ടീഷ് സായുധസേന കലാപത്തെ ക്രൂരമായി അടിച്ചമർത്തി. കേരളത്തിലെ ക്രൈസ്തവരോട് ആർഎസ്എസ് ഇപ്പോൾ പ്രകടിപ്പിക്കുന്ന സഹതാപത്തിന്റെ ഭാഗമായി മലബാർ കലാപം ഹിന്ദുവിരുദ്ധം മാത്രമല്ല, ക്രിസ്ത്യൻ വിരുദ്ധവുമാണെന്നുകൂടി വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഇസ്ലാമോഫോബിയയുടെ അപകടങ്ങളെയും ഹിന്ദുത്വശക്തികൾ കളിക്കുന്ന ഭിന്നിപ്പിക്കൽ തന്ത്രങ്ങളെയും കത്തോലിക്കാ സഭയിൽനിന്നും മറ്റു ക്രിസ്‌ത്യൻ സഭകളും ചൂണ്ടിക്കാണിക്കുന്നുവെന്നത് സന്തോഷകരമാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാറിന്റെ പദ്ധതികളിൽ സഭാനേതാക്കൾ കുടുങ്ങാനുള്ള സാധ്യതകൾക്കെതിരെ ആദ്യം മുന്നറിയിപ്പ് നൽകിയവരിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് ഉൾപ്പെടുന്നതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു.