ആദ്യാക്ഷരം കുറിച്ച വിദ്യാലയ മുറ്റത്ത് വീണ്ടും കാരാട്ട്
|പാലക്കാട് വടക്കന്തറ ഡോ. നായർ യു.പി സ്കൂളിലാണ് 70 വര്‍ഷത്തിനുശേഷം പ്രകാശ് കാരാട്ടെത്തിയത്
പാലക്കാട്: ആദ്യാക്ഷരം കുറിച്ച് വിദ്യാലയ മുറ്റത്ത് കുട്ടിക്കാല ഓർമകള്‍ക്കു നടുവിലേക്കിറങ്ങി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാലക്കാട് വടക്കന്തറ ഡോ. നായർ യു.പി സ്കൂളിലാണ് 70 വര്‍ഷത്തിനുശേഷം കാരാട്ടെത്തിയത്. നാട്ടില്‍ പലതവണ വന്നിട്ടും പഴയ വിദ്യാലയം വീണ്ടും സന്ദര്‍ശിക്കാനും ഓർമകളിലേക്ക് തിരികെ മടങ്ങാനും അവസരമൊരുങ്ങിയിരുന്നില്ല. ഇപ്പോള്‍ ആ ആഗ്രഹവും യാഥാര്‍ത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് കാരാട്ട്. സ്കൂളിലെത്തിയ കാരാട്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.
1953ലാണ് പ്രകാശ് കാരാട്ട് വടക്കന്തറ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരുന്നത്. ഒരു വര്‍ഷം ഇവിടെ പഠിച്ച ശേഷം അച്ഛന്‍ ജോലി ചെയ്തിരുന്ന പഴയ ബർമയിലേക്ക്(ഇപ്പോഴത്തെ മ്യാന്മര്‍) പോകുകയായിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് കാരാട്ടിന്റെ കുടുംബവീട്. അച്ഛന്‍ ബര്‍മയില്‍ബ്രിട്ടീഷ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.
1929ലാണ് വടക്കന്തറ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സ്കൂൾ നവീകരണത്തിന് കഴിയുന്ന സഹായങ്ങൾ നൽകുമെന്ന് കാരാട്ട് ഉറപ്പുനൽകി. പ്രകാശ് കാരാട്ടിന്റെ സന്ദർശനത്തോടെ സ്കൂള്‍ നവീകരണത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.