മലപ്പുറത്ത് മാത്രം കണ്ടുവരുന്ന പ്രത്യേക തരം 'പിഴിഞ്ഞെടുക്കല്‍' അനുവദിക്കാനാവില്ല; പ്രാണവായുവിനെതിരെ പ്രതിഷേധം കനക്കുന്നു
|സംഭാവന നൽകാനും സ്വീകരിക്കാനും മലപ്പുറത്തു കാരെ പഠിപ്പിക്കാൻ ഇവിടെ ഒരു കലക്ടറെ ആവശ്യമില്ല
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൌകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംഭാവന നൽകാനും സ്വീകരിക്കാനും മലപ്പുറത്തു കാരെ പഠിപ്പിക്കാൻ ഇവിടെ ഒരു കലക്ടറെ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചു. പ്രാണവായുവിന് വേണ്ടി മലപ്പുറത്ത് മാത്രം കണ്ട് വരുന്ന പ്രത്യേക തരം 'പിഴിഞ്ഞെടുക്കല്‍' അനുവദിക്കാനാവില്ലെന്ന് ലീഗ് നേതാവ് പി.എം.എ സലാമും ഫേസ്ബുക്കില്‍ കുറിച്ചു.
പ്രാണവായു പദ്ധതിക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം കനക്കുകയാണ്. പദ്ധതിക്ക് വേണ്ടി പൊതുജനങ്ങളോട് സഹായം തേടിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. മറ്റ് ജില്ലകളിൽ ഗവ. ഹോസ്പിറ്റലുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഗവ. സ്വന്തം ഫണ്ട് ഉപയോഗിക്കുമ്പോൾ മലപ്പുറം ജില്ലയിൽ മാത്രം ഗവ. ഹോസ്പിറ്റലുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ പാവപെട്ട മലപ്പുറം ജില്ലയിലെ ജനങ്ങളുടെ അടുത്ത് നിന്ന് തെരുവിൽ ഭിക്ഷ യാചിച്ചു പിരിക്കുകയാണെന്നാണ് പ്രധാന വിമര്‍ശം.
സത്താര്‍ പന്തല്ലൂരിന്റെ കുറിപ്പ്
സംഭാവന നൽകാനും സ്വീകരിക്കാനും മലപ്പുറത്തു കാരെ പഠിപ്പിക്കാൻ ഇവിടെ ഒരു കലക്ടറെ ആവശ്യമില്ല. ഇവിടെയുള്ള ജനങ്ങളും സർക്കാറിലേക്ക് നികുതി അടക്കുന്നുണ്ട്. അതിന്റെ വിഹിതം ഈ ജില്ലക്കാർക്കും അവകാശപ്പെട്ടതാണ്. മലപ്പുറം മോഡൽ എന്ന് പറഞ്ഞ് മലപ്പുറത്ത് കാരെ സുഖിപ്പിക്കാൻ ആരും വരേണ്ടതുമില്ല. വാരിക്കോരി നൽകാനറിയുന്നതു പോലെ ഒന്നും നൽകാതെ തിരിച്ചയക്കാനും അറിയാം. മലപ്പുറത്തുകാരെ കബളിപ്പിക്കുന്ന ഈ 'പ്രാണവായു' ശ്വസിക്കാതെ ജീവൻ നിലനിർത്താൻ കഴിയുമോ എന്നും നമുക്ക് നോക്കാം.
പി.എം.എ സലാമിന്റെ കുറിപ്പ്
''പ്രാണവായു''വിന് മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഈ പ്രത്യേക തരം പിഴിഞ്ഞെടുക്കല്‍ സോറി പിരിവെടുക്കല്‍ അനുവദിക്കാനാവില്ല. ഞങ്ങളടക്കുന്ന നികുതിയും ഖജനാവിലേക്ക് തന്നെയാണ്. NB. ദാനശീലം ഒരു ബലഹീനതയായി കാണരുത്