മലപ്പുറത്തെ 'പ്രാണവായു'വില്‍ വിവാദം പുകയുന്നു
|പദ്ധതിക്കായി പൊതുജനങ്ങളിൽ നിന്നല്ല സംഭാവനകൾ സ്വീകരിക്കുന്നതെന്നും സമ്മർദ്ദം ചെലുത്തില്ലെന്നും ജില്ലാ കലക്ടറുടെ വിശദീകരണം
മലപ്പുറത്തെ സർക്കാർ ആശുപത്രികളിൽ കൂടുതൽ സജ്ജീകരണങ്ങളൊരുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ പ്രാണവായു പദ്ധതിയിൽ വിവാദം പുകയുന്നു. പദ്ധതിക്കായി പൊതുജനങ്ങളിൽ നിന്നല്ല സംഭാവനകൾ സ്വീകരിക്കുന്നതെന്നും സമ്മർദ്ദം ചെലുത്തില്ലെന്നും ജില്ലാ കലക്ടറുടെ വിശദീകരണം. പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായറിയില്ലെന്നും കലക്ടർ വിശദീകരിക്കുമെന്നും പദ്ധതി ഉദ്ഘാടനത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ് പറഞ്ഞു .
മഞ്ചേരി ജനറൽ ആശുപത്രിക്കായി പൊതുജന സംഭാവന സ്വീകരിച്ചത് സൂചിപ്പിച്ചായിരുന്നു പ്രാണവായു ഉദ്ഘാടന വേളയിൽ ജില്ലാ കലക്ടറുടെ പ്രസംഗം. പൊതുജനങ്ങളിൽ നിന്നടക്കമുള്ള സംഭാവന സ്വീകരിക്കുമെന്ന് പദ്ധതി ഉദ്ഘാടനത്തെക്കുറിച്ചുള്ള പത്രക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു, സംഭാവന സ്വീകരിച്ചുള്ള പദ്ധതിക്കെതിരെ വ്യാപക വിമർശനമുയർന്നതോടെയാണ് ജില്ലാ കലക്ടറുടെ പ്രതികരണം, സഹായം സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് പൊതുജനങ്ങളെ ഒഴിവാക്കിയാണ് പദ്ധതി വിശദീകരിച്ചുള്ള കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്, സഹായത്തിനായി ആരെയും നിർബന്ധിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കലക്ടർ വിശദീകരിക്കുന്നു.
അതേസമയം പദ്ധതിക്കെതിരെ മുസ്ലീം ലീഗ് എംഎൽഎമാരടക്കം പ്രതികരിച്ചതോടെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും പ്രതിരോധത്തിലായി. പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്ന കാര്യം തനിക്കറിയില്ലെന്നും വിശദാംശങ്ങൾ ജില്ലാകലക്ടറോട് ചോദിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മലപ്പുറത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെ ആണ് സർക്കാർ ഇതര സഹായം സ്വീകരിച്ചുള്ള പ്രാണവായു പദ്ധതിയെ ന്യായീകരിച്ച് കലക്ടറുടെ വിശദീകരണം.