പ്രവീണ്‍ റാണയുടെ കൂട്ടാളികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് നിക്ഷേപകർ
|കൂട്ടാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്നാണ് നിക്ഷേപകരുടെ ആവശ്യം
തൃശൂര്‍: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ പൊലീസ് നടപടിയിൽ സംശയമുന്നയിച്ച് നിക്ഷേപകർ. മുഖ്യപ്രതി പ്രവീണ്‍ റാണയുടെ ഭാര്യയടക്കമുള്ള കൂട്ടാളികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല.
സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ ഇരുന്നൂറോളം പേർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇതുവരെ 84 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഏറ്റെടുത്ത ശേഷം ക്രൈംബ്രാഞ്ച് നിക്ഷേപകരില്‍ നിന്നു വിവരങ്ങള്‍ തേടുന്നില്ലെന്നും പുതിയ പരാതികള്‍ സ്വീകരിക്കുന്നില്ലെന്നുമാണ് ആക്ഷേപം.
നിലവിൽ പ്രവീൺ റാണയിൽ മാത്രം അന്വേഷണം ഒതുക്കാന്‍ ശ്രമം നടക്കുന്നതായും പരാതിയുണ്ട്. കൂട്ടാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം. വിവിധ ജില്ലകളിൽ നിന്നുള്ള 330 നിക്ഷേപകർ കഴിഞ്ഞ ദിവസം തൃശൂരിൽ യോഗം ചെന്നിരുന്നു. പൊലീസ് നടപടി വൈകിയാൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
സേഫ് ആൻഡ് സ്ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.