പത്തനംതിട്ട പിആർഡി മിനി നിധി തട്ടിപ്പ്; 28 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
|ഉടമ അനിൽകുമാർ, ജനറൽ മാനേജർ ഡേവിഡ് ജോർജ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു
പത്തനംതിട്ട: പത്തനംതിട്ടയിലെ പിആർഡി മിനി നിധി തട്ടിപ്പിൽ സ്ഥാപനത്തിന്റെ പേരിലുള്ള 27.88 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഉടമ അനിൽകുമാർ, ജനറൽ മാനേജർ ഡേവിഡ് ജോർജ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ അനിൽകുമാറിനെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്. ദേശസാത്കൃത ബാങ്കുകളേക്കാൾ അധിക പലിശ വാഗ്ദാനം ചെയ്തായിരുന്നു പത്തനംതിട്ടയിലെ തട്ടിപ്പ്. കണക്കിൽ പെടാത്ത പണം നിക്ഷേപിക്കാനുള്ള മാർഗമായിട്ടാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ഇഡി കണ്ടെത്തി.
സ്ഥാപനത്തിന് ആർബിഐയുടെ അംഗീകാരവും ഉണ്ടായിരുന്നില്ല. 27 ശാഖകളിലായി 150 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 12 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആദ്യം കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉടമ അനിൽകുമാറിനെയും മകനെയുമടക്കം അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനത്തിന് പിന്നിലുള്ള കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.