പ്രീമെട്രിക് സ്‌കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം-ഇ.ടി മുഹമ്മദ് ബഷീർ
|''സ്‌കോളർഷിപ്പ് കൊണ്ട് പഠിച്ചു രക്ഷപ്പെട്ടു പോകുന്ന വിദ്യാർത്ഥികളുടെ ആനുകൂല്യം തട്ടിപ്പറിച്ചെടുത്തതുകൊണ്ട് സർക്കാരിന് എന്തു ലാഭമാണ് കിട്ടാൻ പോകുന്നത്?''
ന്യൂഡൽഹി: പാവങ്ങളായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നിലപാട് ക്രൂരമാണെന്ന് മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. നടപടി ഉടൻ പുനഃപരിശോധിക്കണമെന്ന് പാർലമെന്റ് സമ്മേളനത്തിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
പരമദരിദ്രരായ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന സ്‌കോളർഷിപ്പ് സാമൂഹ്യനീതി, ട്രൈബൽ വകുപ്പ് മന്ത്രാലയത്തിനു കീഴിയിൽ നടന്നുവരുന്ന പദ്ധതിയാണ്. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഈ സ്‌കോളർഷിപ്പ് ഇനി മുതൽ നൽകില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഈ വർഷം സ്‌കോളർഷിപ്പിനുവേണ്ടിയുള്ള അപേക്ഷ എല്ലാ വിദ്യാർത്ഥികളും സമർപ്പിക്കുകയും സൂക്ഷ്മ പരിശോധനയടക്കം പൂർത്തിയാക്കുകയും ചെയ്തിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തുച്ഛമായ സ്‌കോളർഷിപ്പ് കൊണ്ട് പഠിച്ചുരക്ഷപ്പെട്ടു പോകുന്നവരായിരുന്നു ദരിദ്രരായ വിദ്യാർത്ഥികൾ. അവരുടെ ആനുകൂല്യം തട്ടിപ്പറിച്ചെടുത്തതുകൊണ്ട് ഈ സർക്കാരിന് എന്തുലാഭമാണ് കിട്ടാൻ പോകുന്നത്? മാനുഷികമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിച്ച് അടിയന്തരമായി സ്‌കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്നും ഇപ്പോൾ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പെട്ടെന്നുതന്നെ അനുവദിച്ചുനൽകണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
Summary: ''The canceled pre-matric scholarship should be restored immediately'', asks Muslim League Parliamentary party leader and national organizing secretary ET Muhammad Basheer MP