Kerala
NK Premachandran
Kerala

പ്രധാനമന്ത്രിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ എം.പി; ശക്തമായി ഉന്നയിക്കാൻ സി.പി.എം

Web Desk
|
12 Feb 2024 4:17 AM GMT

കൊല്ലത്ത് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച പ്രേമചന്ദ്രൻ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്.

കൊല്ലം: എൻ.കെ പ്രേമചന്ദ്രൻ എം.പി ആദ്യമായി അല്ല ബി.ജെ.പി ബന്ധം എന്ന ആരോപണം നേരിടുന്നത്. നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തത് തെരഞെടുപ്പിന് മുന്നോടിയായി ശക്തമായി ഉയർത്താനാണ് സി.പി.എം ലക്ഷ്യമിടുന്നത്. എന്നാൽ കൊല്ലത്ത് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച പ്രേമചന്ദ്രൻ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്.

എൽ.ഡി.എഫ് വിട്ട് യുഡിഎഫിൽ എത്തിയ ആർഎസ്പിക്ക് 2014ല്‍ കൊല്ലം ലോക്സഭാ സീറ്റ് നൽകി. പാർട്ടി സ്ഥാനാർത്ഥിയായി കൊല്ലത്തെ മുൻ എംപി കൂടി ആയിരുന്ന എൻ.കെ പ്രേമചന്ദ്രനെ. വിജയം ഉറപ്പില്ലായിരുന്നു. പക്ഷേ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പരനാറി പ്രയോഗം കാര്യങ്ങൾ ആകെ മാറ്റി.

37000 വോട്ടിന് എം.എ ബേബിയെ പരാജയപ്പെടുത്തി. 2019ല്‍ LDF സ്ഥാനാർത്ഥിയായി എത്തിയത് ഇന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ. ശക്തമായ മത്സരം. ബിജെപി ബന്ധം എന്ന് ആരോപണം പ്രേമചന്ദ്രൻ ഏറ്റവുമധികം നേരിട്ട തെരഞ്ഞെടുപ്പ്. കുടുംബത്തിലുള്ളവർക്ക് ആർഎസ്എസുകാരുമായി അടുത്ത ബന്ധമുണ്ടെന്നു ഉൾപ്പടെയുള്ള കാര്യങ്ങൾ എല്‍.ഡി.എഫ് ശക്‌തമായി പ്രചരിപ്പിച്ചു.

രാഹുൽ വയനാട്ടിലേക്ക് എത്തിയ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിനടുത്ത്. മികച്ച എം.പി എന്ന് പേരെടുത്ത പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമാന ആരോപണമാണ് നേരിടുന്നത്. എംപിക്ക്, ബിജെപി ബന്ധം എന്ന ആരോപണം സജീവമാക്കി നിർത്താനാണ് എൽഡിഎഫ് ശ്രമം. വരുംദിവസങ്ങളിൽ ഇതിന്റെ ഫലം അറിയാം.

Watch Video


Similar Posts