മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ മരിച്ചവരുടെ ശരീരത്തിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം; പരിശോധനഫലം പുറത്ത്
|മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
മൂവാറ്റുപുഴ: മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ അജ്ഞാത രോഗം ബാധിച്ച് മരിച്ച അന്തേവാസികളുടെ സ്രവങ്ങളിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും കണ്ടെത്തിയത്. ക്ലെബ്സിയെല്ല, സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരീയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. അജ്ഞാത രോഗം ബാധിച്ച് രണ്ടാഴ്ചക്കിടെ അഞ്ചു പേരാണ് വയോജന കേന്ദ്രത്തില്‍ മരിച്ചത്.
അതേസമയം, വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. ബലക്ഷയം മൂലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാത്ത കെട്ടിടത്തിൽ അന്തേവാസികളെ താമസിപ്പിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ നഗരസഭയുടെ തീരുമാനം. അന്തേവാസികളെ ഉടൻ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. കെട്ടിടം നവീകരിക്കാൻ എട്ട് ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയാക്കിയ ശേഷമാകും അന്തേവാസികളെ തിരികെ എത്തിക്കുക.