ചങ്ങാതി തുമ്പികളുടെ സാന്നിധ്യം മീനച്ചിലാറിൽ കൂടുതലാണെന്ന് പഠനം
|തുലാ തുമ്പി, തവള കണ്ണൻ തുമ്പി, ചങ്ങാതി തുമ്പി,നാട്ട് പൂത്താലി, പീലിത്തുമ്പി എന്നിങ്ങനെ 45 ഓളം തുമ്പികളുടെ സാന്നിധ്യമാണ് മീനച്ചിലാറിന്‍റെ തീരങ്ങളിൽ കണ്ടെത്തിയത്
കോട്ടയം: തുമ്പികളെ കുറിച്ച് കോട്ടയത്ത് നടന്ന പഠനം ശ്രദ്ധേയമാകുന്നു. ജലം മലിനമാകുന്ന ഇടങ്ങളിലുണ്ടാകുന്ന ചങ്ങാതി തുമ്പികളുടെ സാന്നിധ്യം മീനച്ചിലാറിൽ കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.
തുലാ തുമ്പി, തവള കണ്ണൻ തുമ്പി, ചങ്ങാതി തുമ്പി,നാട്ട് പൂത്താലി, പീലിത്തുമ്പി എന്നിങ്ങനെ 45 ഓളം തുമ്പികളുടെ സാന്നിധ്യമാണ് മീനച്ചിലാറിന്‍റെ തീരങ്ങളിൽ കണ്ടെത്തിയത്. വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസും സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
മുൻവർഷങ്ങളിൽ 55 ഇനങ്ങളെ കണ്ടെത്തിയെങ്കിൽ ഇത്തവണ 45 ഇനങ്ങളെയാണ് കണ്ടെത്താനായത്. 23 ഇനം കല്ലൻ തുമ്പികളും 22 ഇനം സൂചി തുമ്പികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. നഗരഭാഗത്ത് ചങ്ങാതി തുമ്പികളെ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. മീനച്ചിലാർ നഗരത്തിലേക്ക് എത്തുമ്പോൾ മലിനപ്പെടുന്നു എന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്. കിഴക്കൻ മേഖലയിൽ ശുദ്ധജലത്തിന്‍റെ സൂചകമായ പീലിത്തുമ്പികളെയും കണ്ടെത്തി. മീനച്ചിലാറിന്‍റെ ഉത്ഭവസ്ഥാനമായ അടുക്കം മുതൽ പടിഞ്ഞാറ് മലരിക്കൽ വരെയുള്ള സ്ഥലങ്ങളിലാണ് പഠനം നടന്നത്. വിദ്യാർഥികൾ അടക്കമുള്ള 16 ടീമുകളാണ് തുമ്പികളെ കുറിച്ചുള്ള ഈ പഠനത്തിൽ പങ്കാളികളായത്.