വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ആടിനെ കൊന്നു
|കൽപറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വാകേരി സിസിയിൽ കടുവയെത്തിയത്. പ്രദേശത്തെ കർഷകൻ വർഗീസിന്റെ ആടിനെ കടുവ കൊന്നു.
ആടിന്റെ ശബ്ദം കേട്ട് വർഗീസും കുടുംബവും പുറത്തിറങ്ങി നോക്കിയപ്പോൾ കടുവയെ കാണുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ ഓടിമറഞ്ഞു.
ശനിയാഴ്ച ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടുവ കൊന്നിരുന്നു. ഞായറാഴ്ചയും കടുവ ഇവിടെ എത്തിയതിന്റെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച കാമറിയിൽ പതിഞ്ഞിരുന്നു.
ഇതേ തുടർന്ന് ഇതിനെ പിടികൂടാൻ കൂട് സ്ഥാപിച്ചു. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടുവ പ്രദേശത്തേക്ക് വന്നിരുന്നില്ല. ഇതിനിടയിലാണ് ബുധനാഴ്ച വീണ്ടും എത്തി ആടിനെ പിടികൂടുന്നത്.
കൂട് സ്ഥാപിച്ച പ്രദേശത്തുനിന്ന് അര കിലോ മീറ്റർ അകലെയാണിത്. ഇതോടെ ജനം ഭീതിയിലാണ്.
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കാൽപാടുകളും ആടിന്റെ ദേഹത്തുനിന്ന് ലഭിച്ച മുറിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കടുവയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
പ്രദേശത്ത് കൂട് സ്ഥാപിക്കാനും തിരിച്ചിൽ നടത്താനുമുള്ള ഒരുക്കത്തിലാണ് അധികൃതർ. ദിവസങ്ങൾക്ക് മുമ്പ് മൂടകൊല്ലിയിൽ പ്രജീഷ് എന്നയാളെ കടുവ പിടികൂടി കൊന്നിരുന്നു. ഈ നരഭോജി കടുവയെ ഒടുവിൽ പിടികൂടി. ഈ പ്രദേശത്തുനിന്ന് അഞ്ച് കിലോ മീറ്റർ അകലെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്.