പൊതുവിദ്യാഭ്യാസ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തം: പിണറായി വിജയൻ
|മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2,44,646 കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തിയത്.
പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കണ്ട നല്ല ജനകീയ ക്യാംപെയിനായി ഇത് മാറണം. പുതിയ കാലവും പുതിയ ലോകവും നേരിടാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കണം. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ചതാണെങ്കിലും ചില മേഖലകളിൽ പിന്നോട്ടാണ്. സ്വയം നവീകരിക്കാനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാതലത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് വിവിധ മന്ത്രിമാർ നേതൃത്വം നൽകി. സ്‌കൂൾ തലത്തിലും വർണാഭമായ പരിപാടികളാണ് ഒരുക്കിയിരുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് ഇക്കുറി ഉണ്ടായി. കഴിഞ്ഞവർഷം 298,067 കുട്ടികൾ വന്നയിടത്ത് ഇത്തവണ 2,44,646 ആയി കുറഞ്ഞു. 34,48,553 കുട്ടികളാണ് വിവിധ ക്ലാസുകളിലായി സംസ്ഥാനത്തെ സ്‌കൂളുകളിൽ എത്തുന്നത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.