രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് മൂന്നുപേർ
|രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയവരുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് പേരാണുള്ളത്. കേരളത്തിൽ നിന്നുള്ള 15 പേർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി. രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു.
എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് മെഡലുകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ 1132 ഉദ്യോഗസ്ഥർ മെഡലുകൾക്ക് അർഹരായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളാ പൊലീസിൻ്റെ ഭാഗമായ രണ്ട് പേർക്കാണ് ലഭിച്ചത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്ക് ഒപ്പം അഗ്നിശമന സേന വിഭാഗത്തിൽ നിന്ന് വിജയകുമാർ എഫും മെഡലിന് യോഗ്യത നേടി.
ആകെ 102 പേർക്കാണ് രാജ്യത്ത് വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ പ്രഖ്യാപിച്ചത്. രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ നേടിയ 753 പേരുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 15 പേരാണ് ഇടം പിടിച്ചത്. പൊലീസ് സേനയുടെ ഭാഗമായ 11 പേരും അഗ്നി ശമന സേനയുടെ ഭാഗമായ 4 പേരും പട്ടികയിൽ ഉണ്ട്. ബിഎസ്എഫ് ഹെഡ്കോൺസ്റ്റബിളുമാരായ സംവാല റാം വിഷ്‌ണോയ്, ശിശുപാൽ സിംഗ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ ധീരതയ്ക്ക് ഉള്ള മെഡലുകൾ സമ്മാനിക്കും. രാജ്യത്താകമാനം ധീരതയ്ക്കുള്ള പൊലീസ് മെഡലുകൾ ലഭിച്ചത് 275 പേർക്കാണ്.