നിരന്തര അച്ചടക്കലംഘനം; ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസ് അനിശ്ചിതകാലത്തേക്ക് പുറത്താക്കി
|നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി ലിജുവിനെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിലവിൽ കുഞ്ഞുമോൻ സസ്പെൻഷനിലാണുള്ളത്
ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ നടപടിയുമായി വീണ്ടും കോൺഗ്രസ്. നേതൃത്വത്തിനെതിരെ വാർത്താസമ്മേളനം നടത്തിയതിന് അനിശ്ചിതകാലത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കി.
ഡിസിസി പ്രസിഡന്റ് എം ലിജുവിനെതിരെ ആരോപണവുമായി നടത്തിയ വാർത്താസമ്മേളനത്തിന്റെ പേരിലാണ് കുഞ്ഞുമോനെതിരെ നടപടി സ്വീകരിച്ചത്. ഷാനിമോൾ ഉസ്മാനെ തോൽപിക്കാൻ ലിജുവും മറ്റൊരു ഉന്നത നേതാവും ഗൂഢാലോചന നടത്തിയെന്നാണ് വാർത്താസമ്മേളനത്തിൽ കുഞ്ഞുമോൻ ആരോപിച്ചത്. നേതാക്കൾ ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യയോഗം ചേരുകയും തെരഞ്ഞെടുപ്പിൽ വ്യാപകമായി പണമിറക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ മറ്റു നേതാക്കളെ പുറത്താക്കി തടിയൂരുകയായിരുന്നുവെന്നും കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി ലിജുവിനെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിലവിൽ കുഞ്ഞുമോൻ സസ്പെൻഷനിലാണുള്ളത്. ഇവിടെ സീറ്റ് ആഗ്രഹിച്ചിരുന്ന കുഞ്ഞുമോൻ രഹസ്യമായി വർഗീയപ്രചാരണം നടത്തുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ലിജുവിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചത്.