തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാം, അധ്യക്ഷ പദവിയില്‍ നിന്ന് സ്വയം മാറില്ല: ഹൈക്കമാൻഡിനെ ആശയകുഴപ്പത്തിലാക്കി മുല്ലപ്പള്ളി
|തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച മുല്ലപ്പള്ളി തുടർ തീരുമാനങ്ങൾ ഹൈക്കമാന്‍റ് തന്നെ എടുക്കണമെന്ന നിലപാടും സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും അധ്യക്ഷ പദവിയിൽ നിന്ന് സ്വയം മാറില്ലെന്ന നിലപാട് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡും ആശയക്കുഴപ്പത്തിൽ. കേരളത്തിന്‍റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നേതാക്കളുമായി ഹൈക്കമാന്‍റ് ആശയ വിനിമയം നടത്തും.
കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം പടിയിറങ്ങുമെന്നാണ് മിക്കവാറും നേതാക്കൾ കരുതിയത്. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച മുല്ലപ്പള്ളി തുടർ തീരുമാനങ്ങൾ ഹൈക്കമാന്‍റ് തന്നെ എടുക്കണമെന്ന നിലപാടും സ്വീകരിച്ചു. ഇതോടെ പന്ത് ഹൈക്കമാന്‍റിന്‍റെ കോർട്ടിലേക്ക് എത്തി.
തിടുക്കപ്പെട്ട് ഹൈക്കമാന്‍റ് തീരുമാനം എടുക്കില്ലെന്നാണ് സൂചന. കാര്യങ്ങൾ പരിശോധിച്ച് കേരള നേതാക്കളുമായി ചർച്ച നടത്തി മാത്രമേ ദേശീയ നേതൃത്വം മുന്നോട്ട് പോകൂ. പക്ഷേ നേതൃമാറ്റവും പുനഃസംഘടനയും ആവശ്യപ്പെട്ടുള്ള മുറവിളി സംസ്ഥാന കോൺഗ്രസിൽ ശക്തമാണ്. വെള്ളിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിലും പിന്നീട് നടക്കുന്ന കെ.പി.സി.സി യോഗത്തിലും നേതൃത്വത്തിന് എതിരെ വിമർശനം ഉയരും. താഴേ തട്ടിൽ ഗ്രൂപ്പിസം എല്ലാ പരിധിയും ലംഘിച്ച് സംഘടനയെ ഇല്ലാതാക്കുന്നുവെന്ന വിമർശനം ഉയരും. പരാജയത്തിന്‍റെ ഉത്തരവാദിത്വം കെ പി സി സി അധ്യക്ഷന്‍റെ തലയിൽ കെട്ടിവെച്ച് മറ്റ് മുതിർന്ന നേതാക്കൾ കൈകഴുകാൻ ശ്രമിക്കുന്നുവെന്ന വിമർശനവും ഒരു വിഭാഗത്തിനുണ്ട്. അതിനിടെ ഘടകക്ഷി നേതാക്കളും പരസ്യ വിമർശനത്തിലേക്ക് നീങ്ങിയത് കോൺഗ്രസിനെ വെട്ടിലാക്കി.