Kerala
Prevention of wild animal attack: Kerala and Karnataka sign inter-state cooperation agreement
Kerala

വന്യമൃഗ ശല്യം : അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും

Web Desk
|
10 March 2024 10:38 AM GMT

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ

വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. മനുഷ്യ മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, പ്രശ്‌നങ്ങളിൽ കാല താമസം ഒഴിവാക്കുക എന്നിവയടക്കം നാല് ലക്ഷ്യങ്ങളാണ് കരാറിലുള്ളത്. ബന്ദിപൂരിൽ കേരള-തമിഴ്‌നാട്-കർണാടക വനം മന്ത്രിമാരുടെ യോഗം പൂർത്തിയായി. ഈ യോഗത്തിലാണ് കേരളവും കർണാടകയും കരാറിലൊപ്പിട്ടത്.

കേരളവും കർണാടകവും ഒപ്പിട്ട കരാറിൽ ഉൾപ്പെടുത്തിയ ലക്ഷ്യങ്ങൾ

  1. മനുഷ്യ -മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. മൂല കാരണം കണ്ടെത്തുക. ലഘൂകരണത്തിനു വഴി തേടുക.
  2. പ്രശ്‌നങ്ങളിൽ കാലതാമസം ഒഴിവാക്കുക. അതിവേഗ ഇടപെടൽ.
  3. വിഭവ സഹകരണം. വിവരം വേഗത്തിൽ കൈമാറൽ. വിദഗ്ദ്ധ സേവനം.
  4. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം. കാര്യക്ഷ്മത കൂട്ടുക.

പതിറ്റാണ്ടുകൾ മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളതെന്നും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ യോഗത്തിൽ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണമുണ്ടെന്നും എന്നാൽ അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യജീവി സംഘർഷങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തേണ്ട ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം വന്യജീവികളെയും ബാധിക്കുന്നുണ്ടെന്നും വന്യജീവി സംഘർഷത്തിൽ വനം മേധാവിക്ക് തീരുമാനം സ്വീകരിക്കാൻ നിയമപ്രകാരം സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന് തമിഴ്‌നാടും കർണാടകയും പിന്തുണ നൽകി. ഷെഡൂൾ ഒന്ന് മുതൽ നാല് വരെ വരുന്ന പട്ടികയിൽ മാറ്റം വരുത്തണമെന്നാണ് യോഗത്തിൽ നിരീക്ഷിക്കപ്പെട്ടത്. വംശ വർധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് കേരളം ആവശ്യപ്പെട്ടു.

പ്രവർത്തനങ്ങൾ നടപ്പാക്കാൻ അവശ്യത്തിന് ഫണ്ട് സംസ്ഥാനങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഇല്ല എന്നത് കേരളത്തിന്റെ മാത്രം പ്രതിസന്ധിയല്ല, മൂന്ന് സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കർണാടകത്തിലേ ആനയെ തടയാനുള്ള റെയിൽ ഫെൻസിങ്ങിന് കേന്ദ്രസർക്കാർ ആവശ്യത്തിന് സഹായം നൽകുന്നില്ലെന്ന് കർണാടക വനം മന്ത്രി ഈശ്വർ ബി. ഖാൻഡ്രെ കുറ്റപ്പെടുത്തി. തമിഴ്‌നാട് വനംവകുപ്പ് മന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം ഉദ്യോഗസ്ഥന്മാരാണ് എത്തിയത്. മൂന്നു സംസ്ഥാനങ്ങളുടെയും സംയുക്ത യോഗം തുടർ പ്രക്രിയയാകണമെന്നാണ് തീരുമാനം. അതിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ചർച്ചകൾ ഇനിയും തുടരും.



Similar Posts