ഉള്ളി പൊള്ളും, ഇഞ്ചിവില നെഞ്ച് തകര്‍ക്കും; നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു
|വില നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഇടപെടൽ ആവശ്യമെന്ന് ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇരട്ടിയായി. സപ്ലൈകോയില്‍ ആവശ്യമായ സാധനങ്ങള്‍ ഇല്ലാത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ പോക്കറ്റ് കാലിയാകും. ഇഞ്ചിവില കേട്ടാല്‍ നെഞ്ച് തകരും. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന വില 180ലെത്തി. ചെറിയ ഉള്ളിക്ക് നാല്പത് രൂപയായിരുന്നു വില. ഇപ്പോള്‍ നാല്പത് രൂപ കൊടുത്താല്‍ അരക്കിലോ കിട്ടും. ജീരകം, വെള്ളക്കടല ഉള്‍പ്പെടെ സാധനങ്ങളുടെ വില കൂടിയിട്ടുണ്ട്.
വാങ്ങുന്ന സാധനത്തിന്റെ അളവ് കുറച്ചാണ് സാധാരണക്കാര്‍ വിലക്കയറ്റത്തെ നേരിടുന്നത്. സപ്ലൈകോ സ്റ്റോറുകളില്‍ ആവശ്യമായ സാധനങ്ങള്‍ കിട്ടാത്തതിനാല്‍ പൊതുവിപണിയിലെ ഉയര്‍ന്ന വിലയ്ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.
ഇടയ്ക്കിടെയുണ്ടാകുന്ന വിലക്കയറ്റം നാട്ടുകാരുടെ നടുവൊടിക്കുന്നുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെട്ട് വില നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Summary: Price-tags of daily essentials rise up in Kerala, including small onions and ginger