Kerala
Kerala

5000 രൂപ, ഫുള്‍ ബ്രോസ്റ്റ്, ബിരിയാണി......ഇവിടെ കോവിഡ് ടെസ്റ്റ് വേറെ ലെവലാണ്

Web Desk
|
27 July 2021 11:43 AM GMT

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കല്ലിങ്ങല്‍, മമ്പാട് പഞ്ചായത്തിലെ താഴത്തങ്ങാടി നൂറുല്‍ ഹുദാ മദ്രസ എന്നിവിടങ്ങളില്‍ നടന്ന ക്യാമ്പുകളാണ് വ്യത്യസ്തമായ പരീക്ഷണം വഴി ശ്രദ്ധേയമായത്.

കോവിഡ് ടെസ്റ്റിന് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതോടെ ഹിറ്റായി പരിശോധനാ ക്യാമ്പുകള്‍. മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കല്ലിങ്ങല്‍, മമ്പാട് പഞ്ചായത്തിലെ താഴത്തങ്ങാടി നൂറുല്‍ ഹുദാ മദ്രസ എന്നിവിടങ്ങളില്‍ നടന്ന ക്യാമ്പുകളാണ് വ്യത്യസ്തമായ പരീക്ഷണം വഴി ശ്രദ്ധേയമായത്.

മമ്പാട് താഴത്തങ്ങാടി നൂറുല്‍ ഹുദാ മദ്രസയില്‍ നടക്കുന്ന കോവിഡ് ടെസ്റ്റിന് വിധേയരാവുന്നവരില്‍ നിന്നും നറുക്കെടുത്ത് ഒരാള്‍ക്ക് 5000 രൂപ സമ്മാനം നല്‍കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഗ്ദാനം. അഞ്ചുപേര്‍ക്ക് മേപ്പാടം ബ്രദേഴ്‌സ് ക്ലബിന്റെ വക ബിരിയാണിയും സമ്മാനമായി ലഭിക്കും.

ഒരു മാസത്തോളമായി ഡി കാറ്റഗറിയില്‍പ്പെട്ട കീഴുപറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗം വൈ.പി സാകിയ നിസാര്‍ ആണ് പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫുള്‍ ബ്രോസ്റ്റ് ആണ് വാഗ്ദാനം. വൈകീട്ടോടെ ചില വ്യാപാരികളും സമ്മാനം പ്രഖ്യാപിച്ചതോടെ ഇവിടെ കോവിഡ് ടെസ്റ്റിന് വലിയ പങ്കാളിത്തമാണ് ഉണ്ടായത്.

മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും ടി.പി.ആര്‍ നിരക്ക് ഉയര്‍ന്ന നിരക്കിലായതിനാല്‍ കടകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വഴികള്‍ പൊലീസ് അടച്ചതിനാല്‍ ജനങ്ങളുടെ യാത്രയും മറ്റും വലിയ ബുദ്ധിമുട്ടിലാണ്. ജനങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ടി.പി.ആര്‍ കുറയാത്ത സാഹചര്യമാണ് പല പ്രദേശത്തുമുള്ളത്. ഇത് മറികടക്കാനാണ് പുതിയ തന്ത്രവുമായി പഞ്ചായത്ത് ഭരണസമിതികളും വ്യാപാരികളും രംഗത്തിറങ്ങിയിരിക്കുന്നത്.

Related Tags :
Similar Posts