" അഫ്ഗാൻ സാഹചര്യം തീവ്രവാദം വളർത്താൻ ചിലർ ഉപയോഗിക്കുന്നു" യു.എന്നിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി
|" അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്"
പാകിസ്താനും ചൈനക്കും മുന്നറിയിപ്പുമായി യു.എൻ പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാൻ സാഹചര്യം തീവ്രവാദം വളർത്താൻ ചിലർ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നവർക്ക് അത് വിനയാകുമെന്ന് പറഞ്ഞു.അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും പക്ഷേ അഫ്ഗാനിലെ പുതിയ സാഹചര്യം ചിലർ ദുരുപയോഗം ചെയ്യുകയാണെന്നും നരേന്ദ്രമോദി അഭിപ്രയപ്പെട്ടു.ചൈനയെയും പാകിസ്താനെയും ലക്ഷ്യമിട്ടായിരുന്നു മോദിയും വിമർശനം.അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിനായി ഉപയോഗിക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വാക്സീൻ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, ലോകത്തെ വാക്സിൻ നിർമാതാക്കളെ മുഴുവൻ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ശാസ്ത്രീയ ചിന്തയും ബഹുസ്വരതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും അഫ്ഗാൻ വിഷയത്തിൽ ഒരുമിച്ച് നീങ്ങാൻ ധാരണയായി. 1.2 ബില്യൺ കോവിഡ് വാക്സിൻ മറ്റുരാജ്യങ്ങൾക്ക് സംഭാവന നൽകുന്നതിനായി ക്വാഡ് വാക്സിൻ പദ്ധതിക്കും ഉച്ചകോടി രൂപം നൽകി.