മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി പ്രധാനമന്ത്രി
|17 പുതുമുഖങ്ങളടക്കം 21 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയനും മന്ത്രിസഭക്കും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദി പിണറായി സർക്കാരിനെ അഭിനന്ദനം അറിയിച്ചത്.
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021
രണ്ടാം തവണ സർക്കാർ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയനും, പുതിയ ദൗത്യത്തിനും ആശംസകൾ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
17 പുതുമുഖങ്ങളടക്കം 21 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം.
ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സി.പി.ഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്‍റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. അബ്ദുറഹ്മാൻ (എൽ.ഡി.എഫ് സ്വത.), ജി.ആർ. അനിൽ (സി.പി.ഐ), കെ.എൻ. ബാലഗോപാൽ (സി.പി.എം), പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദൻ മാസ്റ്റർ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണൻ (സി.പി.എം), പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.