'മുഖത്ത് വെടിയേറ്റു, ഡ്രോൺ ആക്രമണത്തിൽ കാലിനും പരിക്ക്'; റഷ്യയിലെ യുദ്ധഭൂമിയിൽ നേരിട്ട ദുരിതം വെളിപ്പെടുത്തി പ്രിൻസ്
|തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്.
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിൽ തിരിച്ചെത്തി. സെക്യൂരിറ്റി ജോലിക്ക് എന്ന് പറഞ്ഞാണ് ഏജന്റ് കൊണ്ടുപോയത്. ഏഴ് ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ ഏജന്റിന് കൈമാറിയത്. റഷ്യൻ ഭാഷയിലുള്ള കോൺട്രാക്ട് ആയിരുന്നു ഒപ്പിട്ടുനൽകിയത്. അതുകൊണ്ട് എന്ത് ജോലിയാണെന്ന് മനസ്സിലായില്ലെന്നും പ്രിൻസ് പറഞ്ഞു.
റഷ്യയിലെത്തിയപ്പോൾ ആദ്യം യുദ്ധത്തിന്റെ പരിശീലനമാണ് നൽകിയത്. ഗ്രനേഡ്, തോക്ക് തുടങ്ങിയവ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു. 23 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധഭൂമിയിലേക്ക് അയച്ചു. യുദ്ധഭൂമിയിൽ മൃതദേഹങ്ങൾക്ക് ഇടയിലൂടെയാണ് നടന്നുപോയിരുന്നത്. തന്റെ മുഖത്ത് വെടിയേറ്റു, ഗ്രനേഡ് ആക്രമണത്തിൽ കാലിലും പരിക്കേറ്റു. ഭൂമിക്കടിയിലുള്ള തുരങ്കത്തിലൂടെ ഇഴഞ്ഞാണ് രക്ഷപ്പെട്ടത്. പിന്നീട് സൈനിക ആശുപത്രിയിൽ ചികിത്സ തേടി. റഷ്യൻ സൈനികർ മാന്യമായാണ് ഇടപെട്ടതെന്നും പ്രിൻസ് പറഞ്ഞു.
റഷ്യയിലെ യുദ്ധമുഖത്ത് 150ഓളം ഇന്ത്യക്കാരുണ്ടെന്ന് പ്രിൻസ് പറഞ്ഞു. പ്രിൻസ് അടക്കം മൂന്നുപേരാണ് സെക്യൂരിറ്റി ജോലിക്ക് എന്ന് പറഞ്ഞ് റഷ്യയിലേക്ക് കൊണ്ടുപോയത്.