കള്ളപ്പണക്കേസില്‍ 25 കോടി പിഴയടച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, നിയമത്തിന്‍റെ ഏതറ്റം വരെയും പോകും: പൃഥ്വിരാജ്
|'തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു കള്ളം, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് മാധ്യമധർമത്തിന്‍റെ എല്ലാ പരിധികളും ലംഘിക്കുന്നതാണ്'
കൊച്ചി: കള്ളപ്പണ കേസിൽ താന്‍ ഇ.ഡിക്ക് 25 കോടി രൂപ പിഴയടച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നടൻ പൃഥ്വിരാജ്. താന്‍ പിഴയടച്ചെന്നും "പ്രൊപഗാൻഡ" സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് അപകീർത്തിപരവും വ്യാജവുമായ വാർത്ത മറുനാടൻ മലയാളി എന്ന പേരിലുള്ള യൂ ട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. ആ ചാനലിനെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
മലയാള സിനിമയിലേക്ക് വിദേശത്തു നിന്ന് വന്‍തോതിലുള്ള കള്ളപ്പണം വരുന്നുവെന്നും ആദായ നികുതി വകുപ്പും ഇ.ഡിയും നടപടികള്‍ ശക്തമാക്കിയെന്നുമാണ് ചില വെബ്സൈറ്റുകളില്‍ വന്നത്. പൃഥ്വിരാജ് പിഴയടച്ച് നിയമ നടപടി ഒഴിവാക്കി, ദേശസുരക്ഷയെ ബാധിക്കുന്ന ആശയ പ്രചാരണത്തിനായി പ്രൊപഗന്‍ഡ സിനിമകളുടെ നിര്‍മാണത്തിനാണോ കള്ളപ്പണമെത്തുന്നതെന്ന് പരിശോധന നടക്കുന്നു എന്നിങ്ങനെ വാര്‍ത്തകള്‍ വന്നതോടെയാണ് പൃഥ്വിരാജിന്‍റെ വിശദീകരണം.
പൃഥ്വിരാജിന്‍റെ കുറിപ്പ്
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണ ഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെയും വാർത്തകളെയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും.
PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.