Kerala
കണ്ടെത്തലെന്തുമാകട്ടെ മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന് പൃഥ്വിരാജ്
Kerala

കണ്ടെത്തലെന്തുമാകട്ടെ മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന് പൃഥ്വിരാജ്

Web Desk
|
24 Oct 2021 2:34 PM GMT

ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാർഥിക്കാമെന്നും പൃഥ്വിരാജ്‌

കണ്ടെത്തലുകളും വസ്തുതകളും എന്തുമാകട്ടെ 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന് നടൻ പൃഥ്വിരാജ്. ഇത്രയും വർഷം പഴക്കമുള്ള ഡാം പ്രവർത്തിപ്പിക്കാൻ ന്യായങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കിൽ ഇംഗ്ലീഷിലെഴുതിയ കുറിപ്പിൽ നടൻ പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണകൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ. ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാർഥിക്കാം - പൃഥ്വിരാജ് കുറിപ്പിൽ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പിണറായി വിജയൻ കത്തയച്ചിരുന്നു. വൈഗൈ ഡാമിലേക്കുള്ള ടണൽ വഴി ജലം കൊണ്ട് പോകണമെന്നും ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ 24 മണിക്കൂർ മുമ്പ് സംസ്ഥാനത്തിന് അറിയിപ്പ് നൽകണമെന്നും കത്തിലുണ്ടായിരുന്നു. കേരളം ഉരുൾപൊട്ടൽ അടക്കമുള്ള വലിയ പ്രകൃതി ദുരന്തങ്ങൾ അഭിമുഖീകരിച്ചു. മുല്ലപ്പെരിയാർ ഉൾക്കൊള്ളുന്ന ഇടുക്കി ജില്ലയിൽ വലിയ അളവിൽ മഴ പെയ്തു. മുല്ലപ്പെരിയാർ ഡാമിലെ ജലം 133 അടിക്ക് മുകളിൽ വന്നപ്പോൾ തന്നെ സമീപ പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് നടപടികൾ സ്വീകരിച്ചിരുന്നു. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്ന് മുല്ലപ്പെരിയാറിലെ വെള്ളം എത്തിക്കുന്ന ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കൂടുതൽ ജലം തമിഴ്നാട്‌ കൊണ്ടുപോകണമെന്നും കത്തിൽ പറഞ്ഞു.

മുല്ലപ്പെരിയാറിൽ നിന്ന് 2200 ക്യുമക്സ് വെള്ളമാണ് ഒരു സെക്കന്റിൽ തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 2150 ക്യുമക്സ് ആയിരുന്നു. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. 140 അടിയിലെത്തിയാൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പും 141ൽ രണ്ടാം മുന്നറിയിപ്പും നൽകും. വീണ്ടും ജലനിരപ്പ് ഉയർന്ന് 142 അടിയിലെത്തിയാൽ ഡാം തുറക്കേണ്ടി വരും. ഡാം തുറക്കുന്നില്ലെങ്കിലും സ്പിൽവേയിലൂടെ ജലം ഒഴുക്കിവിടാൻ തീരുമാനിച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടിവന്നാൽ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കി. മാറ്റിപ്പാർപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണ്. കെഎസ്ഇബിയുടെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കക്കി, ഷോളയാർ. പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്.

Similar Posts