സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും പിൻവാങ്ങുന്നു
|നാല് മാസത്തെ കുടിശികയാണ് ആശുപത്രികൾക്ക് ലഭിക്കാനുള്ളത്
പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും പിൻവാങ്ങുന്നു. നാല് മാസത്തെ കുടിശികയാണ് ആശുപത്രികൾക്ക് ലഭിക്കാനുള്ളത്. പെരിന്തൽമണ്ണയിലെ എം.ഇ.എസ് മെഡിക്കൽ കോളേജ് ഈ മാസം 26 ന് കാരുണ്യ ഇൻഷൂറൻസ് പദ്ധതി നിർത്തുകയാണെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ നേരിട്ടാണ് കാരുണ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ പദ്ധതിയിൽ ഉൾപെട്ടവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് സൗജന്യമായി ചികിത്സ ലഭിക്കും. 15 ദിവസത്തിനകം ആശുപത്രികൾക്ക് സർക്കാർ പണം നൽകുമെന്നാണ് കരാർ. 4 മാസമായി പണം ലഭിക്കുന്നില്ല. ഓരോ മാസവും 1500 ഓളം പേർ കാരുണ്യ പദ്ധതി വഴി ചികിത്സ തേടുന്ന പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ചികിത്സ നിർത്തുകയാണെന്ന് കാണിച്ച് പോസ്റ്റർ പതിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതി തടസപ്പെട്ടാൽ നിർധന കുടുംബങ്ങളിലെ നിത്യരോഗികളായ നൂറു കണക്കിന് പേരുടെ ചികിത്സ പ്രതിസന്ധിയിലാകും. ആശുപത്രികൾ ആരോഗ്യ വകുപ്പിനെയും കരുണ്യ പദ്ധതിയിലെ ഉദ്യോഗസ്ഥരെയും ബന്ധപ്പെടുന്നുണ്ടെങ്കിലും എപ്പോൾ പണം ലഭിക്കുമെന്നതിൽ വ്യക്തതയില്ല.