നിയമസഭ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി
|പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനെയാണ് തൃശൂർ മിണാലൂരിൽ വെച്ച് പിടികൂടിയത്.
നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പിടികൂടി. പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനെയാണ് തൃശൂർ മിണാലൂരിൽ വെച്ച് പിടികൂടിയത്. കോട്ടയത്തെത്തിച്ച പ്രവീണിനെ ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ കൂടുതൽ പരാതികളുണ്ടെന്നാണ് സൂചന.
കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഏത് തരത്തിലാണ് ഇയാൾ സ്പീക്കറുടെ വ്യാജ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്, ഏതൊക്കെ രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കി എന്നീ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ പരിശോധിക്കും.
ഉഴവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രവീണിനെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ നിലവിൽ ആറ് പരാതികൾ ഇയാൾക്കെതിരെ കോട്ടയം ജില്ലയിലുണ്ട്. മറ്റ് ജില്ലകളിലും പ്രവീൺ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയതായാണ് വിവരം.
2019ൽ സമാന രീതിയിൽ പ്രവീൺ തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തിയിരുന്നു. ജലവിഭവ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.