പ്രിയ വർഗീസിനൊപ്പം എട്ട് വി.സിമാരും ഉടൻ രാജിവയ്ക്കണം-കെ. സുരേന്ദ്രൻ
|''നിയമവ്യവഹാരത്തിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുമ്പോൾ ഗവർണറാണ് ശരിയെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.''
കൊച്ചി: പ്രിയ വർഗീസിന് കണ്ണൂർ യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവൻ പിൻവാതിൽ നിയമനങ്ങൾക്കും ബാധകമാവും. പ്രിയയ്‌ക്കൊപ്പം സംസ്ഥാനത്തെ എട്ട് വി.സിമാരും ഉടൻ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണിത്. രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്ന് ഇനിയെങ്കിലും പിണറായി വിജയൻ മനസിലാക്കണം. ഭരണഘടന അട്ടിമറിച്ചുകളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രമാണ്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള എല്ലാ നിയമനങ്ങളും പിൻവലിച്ച് ജനങ്ങളോട് മാപ്പുപറയാൻ ഇടത് സർക്കാർ തയാറാവണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം. അടിസ്ഥാനയോഗ്യതയില്ലാത്തവരെ ഉയർന്ന പദവിയിലേക്ക് നിയമിച്ചുപോരുന്ന രാഷ്ട്രീയ മാമൂലിനാണ് കോടതിവിധിയോടെ അന്ത്യം കുറിക്കപ്പെടുന്നത്. പ്രിയ വർഗീസിന്റെ കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എട്ട് വി.സിമാരും ഉടൻ രാജിവയ്ക്കണം. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇനിയും നാണംകെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സീതാറാം യെച്ചൂരിയും സംഘവും ഹൈക്കോടതിയിലേക്കും സുപ്രിംകോടതിയിലേക്കും മാർച്ച് നടത്തുമോയെന്നാണ് കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നത്. നിയമവ്യവഹാരത്തിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുമ്പോൾ ഗവർണറാണ് ശരിയെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ ബി.ജെ.പി ജനകീയ പോരാട്ടം നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Summary: 8 VCs along with Priya Varghese should resign immediately, says BJP state president K. Surendran