Kerala
പ്രിയ വർഗീസിന്റെ നിയമനം: ഗവർണർക്കെതിരായ നിയമ നടപടിയിൽ ആശയക്കുഴപ്പം; സർവകലാശാല ഇന്ന് കോടതിയെ സമീപിക്കില്ല
Kerala

പ്രിയ വർഗീസിന്റെ നിയമനം: ഗവർണർക്കെതിരായ നിയമ നടപടിയിൽ ആശയക്കുഴപ്പം; സർവകലാശാല ഇന്ന് കോടതിയെ സമീപിക്കില്ല

Web Desk
|
19 Aug 2022 3:05 AM GMT

ഇക്കാര്യത്തിൽ സർവകലാശാല വീണ്ടും നിയമോപദേശം തേടും

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല ഇന്ന് കോടതിയെ സമീപിച്ചേക്കില്ല. ഗവർണർക്കെതിരായ നിയമ നടപടിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഗവർണർക്കെതിരെ കേസ് നിലനിൽക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തിൽ സർവകലാശാല വീണ്ടും നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രിയ വർഗീസ് കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല ഇന്ന് ഹൈകോടതിയെ സമീപിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സർവകലാശാലക്ക് വേണ്ടി വൈസ് ചാൻസലറാണ് ഹൈക്കോടതിയിൽ ഹരജി നൽകാനിരുന്നത്. 1996 ലെ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ് ചാൻസലറായ ഗവർണറുടെ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് ഹരജി നൽകാനായിരുന്നു തീരുമാനം. ഇന്നലെ ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം നിയമനടപടികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ആ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

എന്നാല്‍ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടിയിൽ ഉറച്ചു നിൽക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്താക്കി. 'കണ്ണൂർ സർവകലാശാലയിൽ പ്രഥമ ദൃഷ്ട്യാ സ്വജനപക്ഷ പാതം നടന്നതായാണ് മനസിലാകുന്നത്. അതിൽ ഇടപെടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അധ്യാപന യോഗ്യതയില്ലാത്തയാൾ നിയമനം നേടിയത് രാഷ്ട്രീയ നാടകമാണ്'. തനിക്കെതിരെ കണ്ണൂർ വിസിക്ക് കോടതിയെ സമീപിക്കണമെങ്കിൽ ആവാമെന്നും ഗവർണർ ഇന്നലെ പറഞ്ഞു.

'വി സിയുടെ നിയമപരമായ നീക്കത്തിന്റെ സാധുത താൻ അന്വേഷിക്കും. തന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ തനിക്കെതിരെ നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കും എന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു.

Similar Posts