'കോൺഗ്രസ് എടുത്തത് ഉചിതമായ തീരുമാനം'; പ്രിയങ്ക വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ലീഗ് നേതാക്കൾ
|തീരുമാനം ഇന്ത്യ മുന്നണിയേയും കേരളത്തിൽ യു.ഡി.എഫിനേയും ശക്തിപെടുത്തുമെന്ന് നേതാക്കള്‍
കോഴിക്കോട്: വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ലീഗ് നേതാക്കൾ. പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തീരുമാനം ഇന്ത്യ മുന്നണിയേയും കേരളത്തിൽ യു.ഡി.എഫിനേയും ശക്തിപെടുത്തുമെന്നും കോൺഗ്രസ് എടുത്തത് ഉചിതമായ തീരുമാനമാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
വയനാട്ടിൽ ആദ്യ മത്സരത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും സ്വാഗതം ചെയ്തു. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്നും ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകുമെന്നും വി.ഡി സതീശൻ പറഞ്ഞു. എഐസിസി തീരുമാന പ്രകാരം വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നുമാണ് കെ.സുധാകരന്‍ പറഞ്ഞത്. രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് ഒഴിഞ്ഞതിനു പിന്നാലെയാണ് പ്രിയങ്ക തന്റെ കന്നിയങ്കം കുറിക്കാൻ വയനാട്ടിലെത്തുന്നത്.